മലപ്പുറത്ത് മാവോയിസ്റ്റുകളില്ല: ഡിജിപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 08:55 PM  |  

Last Updated: 01st December 2022 08:55 PM  |   A+A-   |  

anil kanth dgp

ഡിജിപി അനില്‍ കാന്ത് / ഫയല്‍ ചിത്രം


മലപ്പുറം: മലപ്പുറം ജില്ലയില്‍ നിലവില്‍ മാവോയിസ്റ്റ് പവര്‍ത്തനങ്ങളില്ലെന്നും നിയന്ത്രണവിധേയമാണെന്നും ഡിജിപി അനില്‍ കാന്ത്. മാവോയിസ്റ്റ് മേഖലകളില്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളും സാന്നിധ്യവും സജീവമായതിനാല്‍ നിലവില്‍ ജില്ലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയ ഡിജിപി, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍, ലഹരിവ്യാപനം, സ്വര്‍ണക്കടത്ത് തുടങ്ങിയവ തടയാന്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പുതിയ പദ്ധതികള്‍ തയാറാക്കും. കരിപ്പൂര്‍ വഴി സ്വര്‍ണക്കടത്ത് തടയുന്നതില്‍ മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിെല പ്രവര്‍ത്തനം മികച്ചതാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും ഡിജിപി പറഞ്ഞു. കരിപ്പൂരില്‍ പൊലീസ് ചെയ്യുന്നപോലെ മറ്റു വിമാനത്താവളങ്ങളിലും പരിശോധനകള്‍ ശക്തമാക്കും.

വിഴിഞ്ഞത്തെ അക്രമങ്ങള്‍ പൊലീസ് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ആക്രമണങ്ങളുടെ സിസി ടിവി ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചുവരുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞാല്‍ എടുത്ത കേസുകളില്‍ ഉടന്‍ അറസ്റ്റും ശക്തമായ നടപടികളും കൈക്കൊള്ളുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ‌ പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മോദിക്ക് അഞ്ചുമിനിറ്റുപോലും വേണ്ട: കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ