വിവാഹ വാഗ്ദാനം നല്‍കി പീഡനം; 12 ഓളം പുതിയ സിമ്മുകള്‍ മാറിമാറി ഉപയോഗിച്ച് പൊലീസിനെ കബളിപ്പിച്ചു; യുവാക്കള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2022 08:45 AM  |  

Last Updated: 01st December 2022 08:46 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി കന്യാകുമാരി സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊളത്തറ ചെറുവണ്ണൂര്‍ സ്വദേശി നിഹാദ് ഷാന്‍ (24), സുഹൃത്ത് മലപ്പുറം വാഴയൂര്‍ സ്വദേശി മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് പിടിയിലായത്. കന്യാകുമാരി സ്വദേശിനിയായ യുവതിയെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 

ഒക്ടോബര്‍ 29നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയും നിഹാദ് ഷാനും തമ്മില്‍ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയോട് മതംമാറാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വിസമ്മതിച്ചതോടെ ബന്ധത്തില്‍ നിന്നും ഒഴിയാന്‍ ആവശ്യപ്പെട്ടു. പിന്നീട് അപകടത്തില്‍ പരിക്കു പറ്റിയെന്നും ഓര്‍മ്മശക്തി നഷ്ടമായെന്നും പറഞ്ഞു. 

ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണെന്നു പറഞ്ഞ് നിഹാദ് ഷാന്റെ സുഹൃത്ത് യുവതിയെ പെരിന്തല്‍മണ്ണയിലെത്തിച്ചു. തുടര്‍ന്ന് കള്ളംപറഞ്ഞ് കോയമ്പത്തൂര്‍ക്ക് കൊണ്ടുപോയി. മലയാളം അറിയാത്ത യുവതി താന്‍ തമിഴ്‌നാട്ടിലാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ബഹളംവെച്ചു. തുടര്‍ന്ന് കോഴിക്കോട്ടേക്ക് തിരിച്ചുപോയി. 

രാത്രി തേഞ്ഞിപ്പലത്ത് എത്തിയപ്പോള്‍ കാക്കഞ്ചേരിയിലെ ഹോട്ടലില്‍ മുറിയെടുത്തു. അവിടെവെച്ച് മുഹമ്മദ് ജുനൈദ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീടാണ് ഇതെല്ലാം നിഷാദ് ഷാന്‍ നടത്തിയ നാടകമാണെന്ന് യുവതിക്ക് മനസ്സിലായത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ചെയ്ത് 12ഓളം പുതിയ സിമ്മുകള്‍ മാറിമാറി ഉപയോഗിച്ച് നിഹാദ് പൊലീസിന്റെ അന്വേഷണം വഴിതെറ്റിച്ചു വരികയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ മാതാപിതാക്കളെ കാണാന്‍ ഒരുദിവസത്തെ പരോളില്‍ ഇറങ്ങി; കൊലക്കേസ് പ്രതി മുങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ