ഗവിയിലേക്കു പോവാം, കെഎസ്ആര്‍ടിസിയില്‍; ടൂറിസം പാക്കേജിനു തുടക്കം
By സമകാലിക മലയാളം ഡെസ്ക് | Published: 02nd December 2022 10:22 AM |
Last Updated: 02nd December 2022 10:22 AM | A+A A- |

ഗവിയിലേക്കുള്ള ടൂറിസ്റ്റ് സര്‍വീസ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു/പിആര്‍ഡി
പത്തനംതിട്ട: ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിനു തുടക്കമായി. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ദിവസവും മൂന്ന് ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളില്‍ നിന്നായി സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക.
ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പാക്കേജിന് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ മാസം മുപ്പത് ദിവസത്തേക്കുള്ള ബുക്കിംഗ് കഴിഞ്ഞുവെന്നത് ജനങ്ങള്‍ ഇത് ഏറ്റെടുത്തുവെന്നതിന് വലിയ തെളിവാണ്. ക്രിസ്മസ്, ന്യൂ ഇയര്‍ അവധി ദിവസങ്ങള്‍ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന അവസരമാണ് ഇത്. ഈ അവസരത്തില്‍ ഇതിനായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിക്കും ഗതാഗതവകുപ്പ് മന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ദീര്‍ഘനാളായി ജില്ലയില്‍ മുടങ്ങി കിടന്ന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിംഗ്, ഉച്ചഊണ്, യാത്രാ നിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ്. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് ബോട്ടിംഗും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.
കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്. നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും ഇതിന് മാറ്റമില്ലെന്ന് പത്തനംതിട്ട ഡിടിഒ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ