അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തി; ഓഫീസുകള്‍ കയറി ഇറങ്ങിയത് എട്ടുവര്‍ഷം; മന്ത്രി നിര്‍ദേശിച്ചു, ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി

എട്ട് വര്‍ഷമായി സുകുമാരി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും സാങ്കേതിക തടസങ്ങള്‍ കാരണം തിരുത്തല്‍ നടക്കാതിരുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
മന്ത്രി എം ബി രാജേഷ്, ഫയല്‍ ചിത്രം
മന്ത്രി എം ബി രാജേഷ്, ഫയല്‍ ചിത്രം

കണ്ണൂര്‍: കേളകം നടിക്കാവിലെ പിഎന്‍ സുകുമാരിയുടെ മകളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിനല്‍കി. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തിയത്. കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് തിരുത്തിയത്. എട്ട് വര്‍ഷമായി സുകുമാരി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും സാങ്കേതിക തടസങ്ങള്‍ കാരണം തിരുത്തല്‍ നടക്കാതിരുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ കണ്ണൂര്‍ ജില്ലാ ജനനമരണ രജിസ്ട്രാര്‍ കൂടിയായ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ.ഡയറക്ടര്‍ ടി.ജെ. അരുണിനെ വിഷയം പരിശോധിച്ച് അടിയന്തിരമായി പരിഹരിക്കാന്‍ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു.

നിര്‍ദേശം ലഭിച്ചയുടന്‍ ജില്ലാ ജോ. ഡയറക്ടര്‍ തലശേരി നഗരസഭാ രജിസ്ട്രാറില്‍ നിന്നും സുകുമാരിയമ്മയില്‍ നിന്നും വിവരങ്ങള്‍ തേടി. മതിയായ രേഖകളുടെ അഭാവത്തെക്കുറിച്ച് അപേക്ഷകയെ ബോധ്യപ്പെടുത്തി. അപേക്ഷ തീര്‍പ്പാക്കുന്നതിന് ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇങ്ങനെ രേഖകള്‍ ഹാജരാക്കിയ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ആവശ്യമായ തിരുത്തലുകള്‍ ഓണ്‍ലൈനില്‍ നടത്തുകയും, തിരുത്തിയ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്തു. വിഷയത്തില്‍ സജീവമായി ഇടപെട്ട കണ്ണൂര്‍ ജില്ലാ കളക്ടറും തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

ജനപക്ഷത്ത് നിന്നുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ മറ്റൊരു ഉദാഹരണമാണ് ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു. മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ പരിഹരിക്കുകയാണ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ആദ്യലക്ഷ്യം. നിയമപരമായ എല്ലാ നടപടികളും സമയബന്ധിതമായി ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥരും തയ്യാറാണ്. സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ച് കൃത്യമായ നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ ഓഫീസുകളുടെ സേവന ബോര്‍ഡുകളിലും പൗരാവകാശ രേഖയിലും ഈ വിവരങ്ങള്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കാന്‍ സംവിധാനമൊരുക്കിയിട്ടുള്ള ംംം.രശശ്വേലി.ഹഴെസലൃമഹമ.ഴീ്.ശി പോര്‍ട്ടലില്‍ അപേക്ഷകള്‍ നല്‍കുന്നിടത്ത് അതോടൊപ്പം നിര്‍ബന്ധമായും ഹാജരാക്കേണ്ട രേഖകളും, ഫീസ് ആവശ്യമാണെങ്കില്‍ ആ വിവരവും നല്‍കിയിട്ടുണ്ട്. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

ഒരു സേവനം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും അപേക്ഷയ്‌ക്കൊപ്പം നല്‍കുന്നുവെന്ന് ഉറപ്പാക്കണം. ഇത് സമയബന്ധിതമായി സേവനം ലഭിക്കുന്നതിന് സഹായിക്കും. അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍, രസീതിനൊപ്പം തന്നെ കുറവുള്ള രേഖകളുടെ വിശദാംശങ്ങളും അപേക്ഷകന് നല്‍കണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനന രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ തിരുത്തലിന്, നിര്‍ബന്ധമായും ഹാജരാക്കേണ്ട രേഖകള്‍ സഹിതം സിറ്റിസണ്‍ പോര്‍ട്ടലില്‍ അപേക്ഷിക്കാം. രേഖകളില്‍ തെറ്റുകളുണ്ടെങ്കില്‍ അത് തിരുത്താന്‍, ഈ സൗകര്യം പരമാവധി ആളുകള്‍ ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com