കോര്‍പ്പറേഷന്‍ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടല്‍; മേയറുടെ വസതിയില്‍ പ്രതിഷേധിച്ച കൗണ്‍സിലര്‍മാര്‍ക്ക് എതിരെ കേസ്

കോര്‍പ്പറേഷന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കോടികള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ മേയറുടെ വസതിയില്‍ പ്രതിഷേധിച്ച കൗണ്‍സിലര്‍മാര്‍ക്ക് എതിരെ കേസെടുത്തു
കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്, മേയറുടെ വസതിയില്‍ പ്രതിഷേധം നടത്തുന്ന കൗണ്‍സിലര്‍മാര്‍
കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്, മേയറുടെ വസതിയില്‍ പ്രതിഷേധം നടത്തുന്ന കൗണ്‍സിലര്‍മാര്‍

കോഴിക്കോട്: കോര്‍പ്പറേഷന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കോടികള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ മേയറുടെ വസതിയില്‍ പ്രതിഷേധിച്ച കൗണ്‍സിലര്‍മാര്‍ക്ക് എതിരെ കേസെടുത്തു. പത്ത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് എതിരെയാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പക്കല്‍, അതിക്രമിച്ചു കടക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. 

മേയറുടെ വസതിയില്‍ പ്രതിഷേധിച്ചതിന് എതിരെ സിപിഎം രംഗത്തുവന്നു. പണം പലിശയടക്കം തിരികെ നല്‍കാമെന്ന് ബാങ്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്ക് രണ്ടുദിവസത്തിനുള്ളില്‍ പണം തിരികെ നല്‍കണമെന്ന് സിപിഎം ജില്ലാ ക്രെട്ടറി പി മോഹനന്‍ പറഞ്ഞു. ഇല്ലെങ്കില്‍ ബാങ്കിന്റെ ഒരു ശാഖയും ജില്ലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല. തീരുമാനം ഉണ്ടായില്ലെങ്കില്‍ പുറത്തുള്ള ബാങ്കുകളും സ്തംഭിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

റെയില്‍വേ സ്റ്റേഷന് സമീപത്തെ ലിങ്ക് റോഡിലെ പിഎന്‍ബി ശാഖയിലെ അക്കൗണ്ടില്‍ നിന്ന് കോഴിക്കോട് കോര്‍പ്പറേഷന് പതിനാലരക്കോടി രൂപ നഷ്ടമായിരുന്നു. മുന്‍ സീനിയര്‍ മാനേജര്‍ റിജിലാണ് കോര്‍പ്പറേഷന്‍ അറിയാതെ അക്കൗണ്ടില്‍ നിന്ന് വലിയ തുക തട്ടിയെടുത്തത്. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റിങ്ങില്‍ പണം നഷ്ടമായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് രണ്ടരക്കോടി രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധയില്‍ കൂടുതല്‍ തുക നഷ്ടമായതായി കണ്ടെത്തി.

ആദ്യം റിജില്‍ പിതാവിന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് തുക മാറ്റുകയും പിന്നീട് ഇത് ആക്സിസ് ബാങ്കിലെ റിജിലിന്റെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. തിരിമറിയെ തുടര്‍ന്ന് സസ്പെന്‍ഷനിലായ റിജില്‍ ഇപ്പോള്‍ ഒളിവിലാണ്. തട്ടിപ്പ് നടത്തിയതിന് പിന്നാലെ റിജിലിനെ ജോലിയില്‍ നിന്ന് ബാങ്ക് സസ്പെന്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com