'തരൂര്‍ വലിയ മനുഷ്യന്‍, ഒരു പുരുഷാരം കൂടെയുണ്ട്'; സുധാകരന്‍ ചെറുപ്പക്കാര്‍ക്ക് ഒപ്പം നില്‍ക്കണമെന്ന് ടി പത്മനാഭന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2022 08:26 AM  |  

Last Updated: 05th December 2022 08:26 AM  |   A+A-   |  

t_padmanabhan

ടി പദ്മനാഭന്‍/ഫയല്‍

 

കണ്ണൂര്‍: ജില്ലകളില്‍ വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിവരുന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ പിന്തുണച്ച്  കഥാകൃത്ത് ടി പത്മനാഭന്‍. ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച്, 
ചെറുപ്പക്കാര്‍ക്കൊപ്പം നില്‍ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനോട് ടി പത്മനാഭന്‍ അഭ്യര്‍ഥിച്ചു. കെപിസിസി ഗാന്ധിദര്‍ശന്‍ സമിതിയുടെ ഗാന്ധിദര്‍ശന്‍ പുരസ്‌കാരം ഡിസിസി ഓഫീസില്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കോണ്‍ഗ്രസ് ചുരുങ്ങിച്ചുരുങ്ങി വരുന്നതിനെക്കുറിച്ച് പറഞ്ഞാണ് അദ്ദേഹം തരൂര്‍ വിഷയത്തിലെത്തിയത്. 'എനിക്ക് കെപിസിസി പ്രസിഡന്റ് സുധാകരനോട് ഒരപേക്ഷയുണ്ട്. ദയവുചെയ്ത് നിങ്ങള്‍ ചെറുപ്പക്കാരുടെ കൂടെ നില്‍ക്കണം. എന്നെപ്പോലെ ഔട്ട്‌ഡേറ്റഡായവരോടൊപ്പം നില്‍ക്കരുത്. തരൂരുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മോശമായി നിങ്ങളൊന്നും പറഞ്ഞിട്ടില്ല. അതില്‍ അനുമോദിക്കുന്നു. ചെറുപ്പക്കാരോടൊപ്പം പടനായകനായി നില്‍ക്കണം. നിന്നുകാണണം. നിങ്ങളില്‍നിന്ന് ഞാന്‍ അത് പ്രതീക്ഷിക്കുന്നു. എനിക്ക് തരൂരിനെ പ്രശംസിച്ചിട്ട് ഒന്നും ലഭിക്കാനില്ല. അദ്ദേഹം ഒരു വലിയ മനുഷ്യനാണ്. ഒരു പുരുഷാരം കൂടെയുണ്ട്. അവരൊന്നും വ്യാമോഹങ്ങളുമായി വരുന്നവരല്ല. ചെറുപ്പക്കാരാണ്. അധികാരത്തിനു പിറകെ നടക്കുന്നവര്‍ മാറിനില്‍ക്കണം. ആകെ ഒരു മുഖ്യമന്ത്രിയേ ഉണ്ടാകൂ. അധികാരമോഹം പാരമ്യത്തിലെത്തിയതാണ് കോണ്‍ഗ്രസിന് എല്ലായിടത്തും വിനയായത്. ഇന്ത്യയുടെ രക്ഷയ്ക്കായി കോണ്‍ഗ്രസ് ദീര്‍ഘകാലമുണ്ടാകണം.'- ടി പത്മനാഭന്‍ പറഞ്ഞു.

'ഖദറിട്ടതുകൊണ്ടുമാത്രം ഗാന്ധിയനാകില്ല. ലോകത്ത് ഒരു ഗാന്ധിയനേ ഉണ്ടായിട്ടുള്ളൂ. അത് മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തെ വെടിവെച്ചുകൊന്നു. ഒരു ക്രിസ്ത്യാനിയേ ഉണ്ടായിട്ടുള്ളൂ. അത് ക്രിസ്തുവാണ്. അദ്ദേഹത്തെ കുരിശില്‍ തറച്ചു' -ടി പത്മനാഭന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; നടന്നത് 21.5 കോടിയുടെ തിരിമറി; ഓഡിറ്റ് റിപ്പോർട്ട്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ