വിഴിഞ്ഞം സമരം ഒത്തുതീർപ്പായി; എൽഡിഎഫ് പ്രചാരണ ജാഥ ഉപേക്ഷിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2022 09:10 PM  |  

Last Updated: 06th December 2022 09:10 PM  |   A+A-   |  

vizhinjam_strike

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിനെതിരേ എല്‍ഡിഎഫ് നടത്താനിരുന്ന പ്രചാരണ ജാഥ ഉപേക്ഷിച്ചു. സമരം ഒത്തുതീര്‍പ്പായ സാഹചര്യത്തിലാണ് ജാഥ ഉപേക്ഷിച്ചത്. വിഴിഞ്ഞം സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. 

സമരം ഒത്തുതീര്‍പ്പാക്കാന്‍, മന്ത്രിസഭാ ഉപസമിതിയുമായി വിഴിഞ്ഞം സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ചിലത് ഒഴികെ ബാക്കിയെല്ലാം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായ പശ്ചാത്തലത്തിലാണ് 140 ദിവസമായി തുടരുന്ന സമരത്തില്‍ നിന്ന് തത്കാലം പിന്മാറാന്‍ തീരുമാനിച്ചതെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു.

വാടക 8,000 ആയി ഉയര്‍ത്തണമെന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതായി ഫാ. യൂജിന്‍ പെരേര പറഞ്ഞു. വാടക തുക സര്‍ക്കാര്‍ കണ്ടെത്തണമെന്നും അദാനി ഫണ്ട് വേണ്ടെന്നുമുള്ള സമരക്കാരുടെ നിലപാടും സര്‍ക്കാര്‍ അംഗീകരിച്ചു. സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധരെ ഉള്‍പ്പെടുത്തണം അടക്കമുള്ള ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാകുകയായിരുന്നുവെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി; സമവായം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ