'വാതില്‍ തുറന്നു തന്നെ; മുസ്ലീം ലീഗിന്റെ നിലപാട് പറയേണ്ടത് അവരാണ്' ; എംവി ഗോവിന്ദന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2022 04:44 PM  |  

Last Updated: 10th December 2022 04:59 PM  |   A+A-   |  

mv_govindan

എംവി ഗോവിന്ദന്‍

 


തിരുവനന്തപുരം: എല്‍ഡിഎഫിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വരാന്‍ പോകുന്ന കാലത്തേക്ക് ഇപ്പോഴേ പറഞ്ഞുവയ്‌ക്കേണ്ട കാര്യമില്ല. വര്‍ഗീയതയ്‌ക്കെതിരായും ഗവര്‍ണര്‍ വിഷയത്തിലും ലീഗ് ശരിയായ നിലപാട് എടുത്തു. രാഷ്ട്രീയ കൂട്ടുകെട്ടിനെപ്പറ്റി സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. അത് ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല. കൃത്യമായ നയം അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ മുന്നണിയാണ്. ആ രാഷ്ട്രീയ മുന്നണിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുകയെന്ന നിലപാട് സ്വീകരിച്ചിട്ടില്ല.

മുസ്ലിം ലീഗ് എടുക്കുന്ന നിലപാട് കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമാണ്. കോണ്‍ഗ്രസിനെ തന്നെ ശരിയായ ദിശയിലേക്ക് നയിക്കുകയാണ് അവര്‍ ചെയ്യുന്നത്. ആ കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. സമീപ കാലത്ത് മുസ്ലിം ലീഗ് എടുത്ത പ്രധാനപ്പെട്ട ചില നിലപാടുകള്‍ മതനിരപേക്ഷതയ്ക്ക് അനുകൂലമാണ്. ഗവര്‍ണറുടെ കാവിവത്കരണ നിലപാടിലും വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്കരിക്കുന്ന നിലപാടിലായാലും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്. മുസ്ലീം ലീഗിന്റെ നിലപാട് പറയേണ്ടത് അവരാണ്. വാതില്‍ തുറന്നുതന്നെയാണ് ഇരിക്കുന്നത്. അടച്ചാലല്ലേ തുറക്കേണ്ട കാര്യമുള്ളുവവെന്നും അദ്ദേഹം പറഞ്ഞു

ആര്‍ക്കു മുന്നിലും ഇടതു മുന്നണി വാതില്‍ അടച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. വലതുപക്ഷ നിലപാട് തിരുത്തി വരുന്നവര്‍ക്ക് സ്വാഗതം. മുസ്ലിം ലീഗിനെ കുറിച്ച് പറഞ്ഞ അഭിപ്രായം തെരഞ്ഞെടുപ്പോ രാഷ്ട്രീയ കൂട്ടുകെട്ടോ മുന്നില്‍ കണ്ടല്ല. ലീഗിനെ ക്ഷണിച്ചിട്ടുമില്ല. ഏക സിവില്‍ കോഡ്, വിഴിഞ്ഞം, ഗവര്‍ണര്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ കൊണ്ട് നിലപാട് തിരുത്തിച്ചത് മുസ്ലിം ലീഗാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല; ചെയ്‌സിങ്; കാറില്‍ രഹസ്യ അറ ഉണ്ടാക്കി 150 കിലോ ചന്ദനം കടത്താന്‍ ശ്രമം; വാളയാറില്‍ യുവാക്കള്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ