'തരൂര്‍ പാര്‍ട്ടിയുടെ അസറ്റ്, സിപിഎമ്മിന് ലീഗിനോട് പ്രേമം, തിരിച്ചും തോന്നണ്ടേ?'; സുധാകരന്‍ 

കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരുമായി പ്രശ്‌നങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍
കെ സുധാകരന്‍ മാധ്യമങ്ങളോട്
കെ സുധാകരന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരുമായി പ്രശ്‌നങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡല്‍ഹിയില്‍ വെച്ച് തരൂരുമായി ചര്‍ച്ച ചെയ്ത് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. പാര്‍ട്ടിയും തരൂരും ഒറ്റക്കെട്ടായി മുന്നോട്ടുപോകും. തരൂരിന് ജനങ്ങളിലുള്ള സ്വാധീനം പാര്‍ട്ടി പ്രയോജനപ്പെടുത്തും. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ അദ്ദേഹത്തിനും ഇതേ നിലപാട് തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു. നേരത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ശശി തരൂര്‍ വിഷയത്തില്‍ നേതൃത്വത്തെ എ ഗ്രൂപ്പ് വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പരിപാടികളില്‍ ശശി തരൂര്‍ പങ്കെടുക്കുന്നതിനെതിരെ രംഗത്തുവന്നത് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയതായി എ ഗ്രൂപ്പ് യോഗത്തില്‍ ഉന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരുമായുള്ള പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചതായും പാര്‍ട്ടിയും തരൂരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും സുധാകരന്‍ പറഞ്ഞത്.

അടുത്ത മൂന്ന് മാസത്തിനകം കോണ്‍ഗ്രസ് പുനഃസംഘടന പൂര്‍ത്തിയാക്കും. കഴിവുള്ളവരും നന്നായി പ്രവര്‍ത്തിക്കുന്നവരും നേതൃത്വത്തിലേക്ക് വരും. പുനഃസംഘടനയ്ക്ക് എഐസിസി അനുമതി നല്‍കിയതായും സുധാകരന്‍ പറഞ്ഞു.ലീഗിനോട് സിപിഎമ്മിന് പ്രേമമാണ്. എന്നാല്‍ രണ്ടുപേര്‍ക്കും പ്രേമമുണ്ടായാലല്ലേ കാര്യമുള്ളൂവെന്നും സുധാകരന്‍ പരിഹസിച്ചു.

ലീഗുകാര്‍ വര്‍ഗീയവാദികളാണ് എന്ന് പറഞ്ഞത് സിപിഎം ആണ്. ഇപ്പോള്‍ ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറയുന്നു. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ് എന്ന് മുന്‍പ് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റുമോ എന്നും സുധാകരന്‍ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com