എം വി ഗോവിന്ദന്റെ ലീഗ് പ്രസ്താവന തിരിച്ചടിച്ചു; യുഡിഎഫില്‍ ഐക്യം ശക്തമായി, തുറന്നടിച്ച് കാനം
By സമകാലിക മലയാളം ഡെസ്ക് | Published: 12th December 2022 04:45 PM |
Last Updated: 12th December 2022 04:45 PM | A+A A- |

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്/ഫയല്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മുസ്ലിം ലീഗ് പ്രശംസയ്ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ലീഗിന് സ്വഭാവ സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ട അത്യാവശ്യം എല്‍ഡിഎഫി നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ലീഗ് ഇപ്പോഴും യുഡിഎഫില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ്. അത് അവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ലീഗിന് സ്വാഭാവ സര്‍ട്ടിഫിക്കേറ്റ് കൊടുക്കേണ്ട അത്യാവശ്യമൊന്നും ഇപ്പോള്‍ എല്‍ഡിഎഫിനില്ല.- അദ്ദേഹം പറഞ്ഞു.
ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന എംവി ഗോവിന്ദന് നടത്തിയതെന്ന് അറിയില്ല. സിപിഎമ്മും സിപിഐയും തമ്മില്‍ ഈ വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ടില്ല. എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കേണ്ട വിഷയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംവി ഗോവിന്ദന്റെ പ്രസ്താവനയും തുടര്‍ന്നുവന്ന ചര്‍ച്ചകളും യുഡിഎഫിലെ പാര്‍ട്ടികള്‍ തമ്മില്‍ ഐക്യം ശക്തമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചില പ്രസ്താവനകള്‍ക്ക് നെഗറ്റീവ് ആയിട്ടുള്ള ഫലവും അനുകൂലമായിട്ടുള്ള ഫലവുമുണ്ടാകും. ഇതില്‍ ഏതാണ് ഇപ്പോഴുണ്ടായതെന്ന് കാലം തെളിയിക്കട്ടെ-കാനം പറഞ്ഞു.
'ജനങ്ങള്‍ നമ്മളെ കാണുന്നുണ്ടെന്ന കാര്യം മറന്നുപോകരുത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്‍കാലത്ത് എടുത്തിട്ടുള്ള നിലപാടുകള്‍ ജനങ്ങളുടെ മനസ്സിലുണ്ടാകും. താത്ക്കാലിക ലാഭത്തിന് വേണ്ടി എടുക്കുന്ന നിലപാടുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യുകയില്ലെന്ന് ഉറപ്പു പറയാന്‍ നമുക്ക് പറ്റുമോ? അതുകൊണ്ട് അതെല്ലാം വളരെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യങ്ങളാണ്'- കാനം പറഞ്ഞു.
'മുസ്ലിം ലീഗ് മതനിരപേക്ഷ നിലപാടെടുക്കുന്ന പാര്‍ട്ടി ആയിരുന്നു എന്നു പറയുന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ, ബാബറി മസ്ജിദ് തകര്‍ത്ത ശേഷം, പഴയ നിലപാടില്‍ നിന്ന് ലീഗ് പടിപടിയായി മാറിപ്പോകുന്നത് കാണാന്‍ പറ്റും. പക്ഷേ, എസ്ഡിപിഐ പോലെ മറ്റൊരു വര്‍ഗീയ കക്ഷിയായി ആരും ലീഗിനെ കാണുന്നില്ല. തീവ്രവാദ പ്രസ്ഥാനങ്ങളെയൊക്കെ ഒരുമിപ്പിക്കാനും അവര്‍ ഇടക്കാലത്ത് ചില നിലപാടുകള്‍ സ്വീകരിച്ചിരുന്നു. അതൊന്നും ഇല്ലെന്ന് അവരാണ് ആദ്യം പറയേണ്ടത്.
തീവ്ര നിലപാട് എടുക്കുന്ന സംഘടനകളുമായി ലീഗ് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. പക്ഷേ അതിന്റെയര്‍ത്ഥം ലീഗ് എസ്ഡിപിഐ പോലുള്ള ഒരു വര്‍ഗീയ പാര്‍ട്ടി ആണെന്നല്ല. മതനിരപേക്ഷത സംരക്ഷിക്കുന്നതിലും വര്‍ഗീയതയ്ക്ക് എതിരായ കാര്യങ്ങളിലും ലീഗിന്റെ നിലപാട് എന്താണെന്നതാണ് പ്രധാനം. അതിനനുസരിച്ചാണ് നമ്മള് നിലപാടെടുക്കേണ്ടത്'- അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'അതു ബോഡി ഷെയ്മിങ്'; വിഎന്‍ വാസവന്റെ പരാമര്‍ശം സഭാ രേഖയില്‍നിന്നു നീക്കി, മന്ത്രിതന്നെ ആവശ്യപ്പെട്ടെന്നു സ്പീക്കര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ