കൈയ്യടി കിട്ടാന്‍വേണ്ടി വിടുവായത്തം പറഞ്ഞ് ആളു ചമയുന്നതല്ല രാഷ്ട്രീയം: ശ്രീധരന്‍ പിള്ള

വാചകക്കസര്‍ത്തു കൊണ്ടോ അച്ഛന്‍ മുഖ്യമന്ത്രിയായിരുന്നതിന്റെ പാരമ്പര്യം കൊണ്ടോ അല്ല ഇതെന്നും ശ്രീധരന്‍ പിള്ള
ശ്രീധരന്‍ പിള്ള നടന്‍ മമ്മുട്ടിക്കൊപ്പം പുസ്തക പ്രകാശന ചടങ്ങില്‍/എ സനേഷ്‌
ശ്രീധരന്‍ പിള്ള നടന്‍ മമ്മുട്ടിക്കൊപ്പം പുസ്തക പ്രകാശന ചടങ്ങില്‍/എ സനേഷ്‌

കൊച്ചി: കൈയ്യടി കിട്ടാന്‍വേണ്ടി വിടുവായത്തം പറഞ്ഞ് ആളു ചമയുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. രാഷ്ട്രീയക്കാര്‍ എഴുത്തും വായനയുമില്ലാതെ വിടുവായത്തം പറയുന്നവരാണെങ്കില്‍ എങ്ങനെ ജനാധിപത്യം വിജയിക്കുമെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു. ഗോവ ഗവര്‍ണര്‍ എപ്പോഴും കേരളത്തിലാണെന്ന, കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ വിമര്‍ശന പരാമര്‍ശിച്ചായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് തന്റെ നാല് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലെ മറുപടി പ്രസംഗത്തിലാണ്, മുരളീധരന്റ പേരു പരാമര്‍ശിക്കാതെ ശ്രീധരന്‍ പിള്ള മറുപടി നല്‍കിയത്. 

എം.പി പോയി എഴുത്തും വായനയും പഠിക്കട്ടെ. രാജന്‍ കേസില്‍ താന്‍ ഈച്ചര വാര്യരുടെ നഷ്ടപരിഹാരക്കേസ് വാദിച്ചതിന്റെ വൈരാഗ്യമായിരിക്കും എം.പിക്ക്. രാജന്‍ കേസിന് ഉത്തരവാദികളായ അഞ്ചു പേരുടെയും അവസ്ഥ കേരളം കണ്ടതാണ്. ആ സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വം കൊടുത്തയാള്‍ പുത്ര ദു:ഖം അനുഭവിച്ചിരുന്നോയെന്ന് ആലോചിക്കണം. 

താന്‍ മുസ്ലീം, ക്രിസ്ത്യന്‍ വിരുദ്ധനല്ല. എല്ലാവരെയും ഒന്നായി കാണുന്ന രാഷ്ട്രീയം ആര്‍.എസ്.എസ് ചിന്താധാരയില്‍ നിന്ന് പഠിച്ചതാണ്. എഴുത്തുകാരനെന്ന നിലയില്‍ തന്റെ പ്രയാണം അനുസ്യൂതം തുടരും. ഗോവയെക്കുറിച്ച് എഴുതാനാണ് ഇനിയുള്ള ശ്രമമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 15 മാസം കൊണ്ട് ഗോവയിലെ 461 ഗ്രാമങ്ങളും നേരിട്ട് സന്ദര്‍ശിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരമുണ്ടാക്കിയിട്ടുണ്ട്. വാചകക്കസര്‍ത്തു കൊണ്ടോ അച്ഛന്‍ മുഖ്യമന്ത്രിയായിരുന്നതിന്റെ പാരമ്പര്യം കൊണ്ടോ അല്ല ഇതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com