ജാതീയ അധിക്ഷേപം; സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്

പിവി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ട്വന്റി ട്വന്റി പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞ് ഹൈക്കോടതി
സാബു എം ജേക്കബ്/ഫയല്‍
സാബു എം ജേക്കബ്/ഫയല്‍

കൊച്ചി: പിവി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ട്വന്റി ട്വന്റി പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് അനിവാര്യമല്ലെന്നു വിലയിരുത്തിയാണ് നടപടി.

പിവി ശ്രീനിജന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന പേരില്‍ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമാണ് സാബു എം ജേക്കബിനെതിരെ കേസെത്തിട്ടുള്ളത്. ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനില്‍ കൃഷിദിനാചരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് പരാതിക്കിടയായ സംഭവമുണ്ടായത്. കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎല്‍എ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ഉള്ളവര്‍ വേദി വിടുകയായിരുന്നു. ശ്രീനിജന്റെ പരാതിയില്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി ഹര്‍ജി ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കും. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നോട്ടീസ് നല്‍കി മാത്രമേ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാവൂ എന്നും യാതൊരു വിധ പീഡനവും പാടില്ലെന്നും കോടതി പറഞ്ഞു.

ട്വന്റി ട്വന്റിയെ ഇല്ലാതാക്കാന്‍ ശ്രമം

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ട്വന്റി ട്വന്റിയെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നതെന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആരോപിച്ചു. ശ്രീനിജന്റെ പരാതി ട്വന്റി ട്വന്റിയെ ഇല്ലാതാക്കാന്‍ വേണ്ടി. പാര്‍ട്ടി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കുന്നത്തുനാട് എംഎല്‍എയായ പി വി ശ്രീനിജന്‍ സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചു.

എംഎല്‍എയെ വേദിയില്‍ വച്ച് പരസ്യമായി അപമാനിച്ചെന്ന പരാതിയില്‍ സാബു ജേക്കബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സാബുവിന്റെ ആരോപണം. എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടേണ്ട എന്നത് പാര്‍ട്ടി തീരുമാനമാണ്. അതുകൊണ്ടാണ് പാര്‍ട്ടി നേതാക്കള്‍ വേദിയില്‍ നിന്നും ഇറങ്ങിയത്. ശ്രീനിജനെ അപമാനിച്ചിട്ടില്ല.

ഇനി കുന്നത്തുനാട്ടില്‍ ജയിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് ശ്രീനിജന്‍ പരിഭ്രാന്തനാകുന്നത്. എംഎല്‍എ പദവിയുടെ സുഖമറിഞ്ഞ ശ്രീനിജന്റെ ഉള്‍വിളിയാണ് ഇപ്പോഴത്തെ കേസ്. എംഎല്‍എ ആണെന്ന് കരുതി വൃത്തികേടുകള്‍ ചെയ്യുന്ന ആളെ ബഹുമാനിക്കേണ്ടതില്ല. ട്വന്റി ട്വന്റിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നേതാക്കളുമായി ഇനിയും വേദി പങ്കിടില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

'നിരന്തരം അപമാനം നേരിടുകയാണ്'

അതേസമയം ട്വന്റി 20 പാര്‍ട്ടി അദ്ധ്യക്ഷന്‍ സാബു ജേക്കബ് നിരന്തരം അപമാനിക്കുന്നെന്ന് പി വി ശ്രീനിജന്‍ എംഎല്‍എ ആരോപിച്ചു. താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് ആളുകളെ സാബു ജേക്കബ് വിലക്കുകയാണ്. താന്‍ നിരന്തരം അപമാനം നേരിടുകയാണ്. വിശദമായി അന്വേഷിച്ച ശേഷമാണ് പൊലീസ് കേസെടുത്തതെന്നും എംഎല്‍എ പറഞ്ഞു.

ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഓഗസ്റ്റ് 17 ന് കൃഷിദിനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിന് തന്നെ രേഖാമൂലം ക്ഷണിച്ചിരുന്നു. എന്നാല്‍ പരിപാടിക്കിടെ തന്നെ അപമാനിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റും മറ്റുള്ളവരും വേദിവിട്ടിറങ്ങി സദസില്‍ ഇരുന്നു. താന്‍ പോയതിന് പിന്നാലെ ഇവര്‍ വേദിയിലെത്തിയെന്നും പി വി ശ്രീനിജന്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com