ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം, 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2022 08:01 AM  |  

Last Updated: 15th December 2022 08:01 AM  |   A+A-   |  

ksrtc_driver

പക്ഷാഘാതത്തെ തുടര്‍ന്ന് മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍


താമരശ്ശേരി: യാത്രയ്ക്കിടെ പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരുഭാഗം തളർന്നിട്ടും മനോധൈര്യം കൈവിടാതെ ബസ് സുരക്ഷിതമായി നിർത്തിയ കെഎസ്ആർടിസി ബസ് ഡ്രൈവർ ഒടുവിൽ മരണത്തിന് കീഴടങ്ങി.  48 യാത്രികരുടെയും കണ്ടക്ടറുടെയും ജീവൻ സുരക്ഷിതമാക്കിയാണ് താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ താമരശ്ശേരി വെഴുപ്പൂർ ചുണ്ടക്കുന്നുമ്മൽ സികെ സിഗീഷ് കുമാർ (48) മടങ്ങുന്നത്.

നവംബർ 20ന് ബജറ്റ് ടൂറിസം പദ്ധതിപ്രകാരമുള്ള യാത്രക്കിടയിൽ കുന്നംകുളത്തുവെച്ച് ഡ്രൈവിങ് സീറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു സി​ഗീഷ്. പിന്നാലെ തൃശ്ശൂർ ഗവ മെഡിക്കൽ കോളജിലും താമരശ്ശേരി ഗവ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. 

ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഡ്രൈവിങ്ങിനിടെ സി​ഗേഷിന്റെ ശരീരത്തിന്റെ ഒരുഭാഗം തളർന്നു. താമരശ്ശേരിയിൽനിന്ന് മലക്കപ്പാറയിലേക്ക് വിനോദയാത്രപോയ കെഎസ്ആർടിസി ബസിന്റെഡ്രൈവറായിരുന്നു സിഗീഷ്.  കുന്നംകുളത്തുവെച്ച് സിഗീഷിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ബസ് റോഡരികിലേക്ക് ഒതുക്കിനിർത്താൻ അദ്ദേഹത്തിനായി. 

വണ്ടി നിർത്തി തൊട്ടുപിന്നാലെ സി​ഗേഷ് കുഴഞ്ഞുവീണു. ഉടനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊച്ചിയില്‍ നിന്ന് അതിവേഗം മൂന്നാര്‍ എത്താം; ദേശീയപാത നവീകരണം ഉദ്ഘാടനം ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ