നീരൊഴുക്കിയവര്‍ക്ക് ചോരയൊഴുക്കാനും മടിയില്ല; സര്‍ക്കാരിന് മുന്നിൽ തോല്‍ക്കില്ലെന്ന് താമരശേരി ബിഷപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2022 07:20 PM  |  

Last Updated: 19th December 2022 07:20 PM  |   A+A-   |  

Remigius_Inchananiyil

താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

 

കോഴിക്കോട്: ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ലെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. ഒരു നിയമത്തിനുമുന്നിലും തോല്‍ക്കില്ല.ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയില്‍ അടിമുടി സംശയമെന്നും താമരശേരി ബിഷപ്പ് പറഞ്ഞു.

ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ല. മലമ്പനിയോടും മലമ്പാമ്പിനോടു തോറ്റിട്ടില്ല. സര്‍ക്കാരിന് മുന്നിലും തോല്‍ക്കില്ല. നീരൊഴുക്കിയവര്‍ക്ക് ചോരയൊഴുക്കാനും മടിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കര്‍ഷകര്‍ക്കൊപ്പമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ പ്രവൃത്തി കണ്ടാല്‍ അങ്ങനെ തോന്നില്ല. കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യത്തെ തുരങ്കം വെയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായാണ് തോന്നുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി പരിഹാരം കാണണം. മറ്റ് സംസ്ഥാനങ്ങള്‍ സ്‌റ്റേ വാങ്ങി. കേരളം എന്തുകൊണ്ട് സ്‌റ്റേ വാങ്ങിയില്ല. ഉപഗ്രഹ സര്‍വ്വേക്ക് പിന്നില്‍ നിഗൂഢതയുണ്ടെന്നും താമരശേരി ബിഷപ്പ് കോഴിക്കോട്ട് പറഞ്ഞു. 

അതിനിടെ, ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. നാളെയാണ് യോഗം. റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഉന്നതതലയോഗത്തില്‍ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബഫര്‍ സോണ്‍: മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു; സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളും നല്‍കാന്‍ ആലോചന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ