നാളെ രാത്രി ആംബുലന്‍സ് മാത്രം കടത്തിവിടും; താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ നാളെ രാത്രി 8 മണി മുതല്‍ ഗതഗാത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വയനാട് ജില്ലാ പൊലീസ് മേധാവി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മാനന്തവാടി: താമരശ്ശേരി ചുരത്തില്‍ നാളെ രാത്രി 8 മണി മുതല്‍ ഗതഗാത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വയനാട് ജില്ലാ പൊലീസ് മേധാവി. രാത്രി 9 മണിക്ക് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടില്ല. അടിവാരത്ത് നിന്നും ഭീമന്‍ യന്ത്രങ്ങള്‍ വഹിച്ച ട്രെയ്‌ലര്‍ ലോറികള്‍ ചുരം കയറുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

നിലവില്‍ അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ എച്ച്ജിബി ഗൂണ്‍സ് ട്രക്കുകള്‍ നാളെ രാത്രി 11 മണിക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലൂടെ കര്‍ണാടകയിലെ നഞ്ചന്‍കോട്ടിലേക്ക് കടന്നുപോകാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നല്‍കിയ സാഹചര്യത്തിലാണ് നിയന്ത്രണം. എഡിഎം എന്‍ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം.

നാളെ രാത്രി 8 മണി മുതല്‍ ജില്ലയില്‍ നിന്നും താമരശ്ശേരി ചുരം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഈ സമയം ചുരം വഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 

1. സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് നിന്നും കല്‍പ്പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും ബീനച്ചി- പനമരം വഴിയോ, മീനങ്ങാടി -പച്ചിലക്കാട് വഴിയോ പക്രതളം ചുരം വഴിയോ പോകേണ്ടതാണ്. മാനന്തവാടിയില്‍ നിന്നുള്ള വാഹനങ്ങളും ഇപ്രകാരം പോകേണ്ടതാണ്. 

2. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി പക്രതളം ചുരത്തിലൂടെ പോകേണ്ടതാണ്. 

3. ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തമിഴ്നാട് നാടുകാണി ചുരം വഴി പോകേണ്ടതാണ്.
 
4. രാത്രി 9 മണിക്ക് ശേഷം കല്‍പ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലന്‍സ് ഒഴികെ മറ്റൊരു വാഹനവും പോകാന്‍ അനുവദിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com