'ബഫര്‍ സോണ്‍ പരിധി: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 12 കിലോമീറ്റര്‍, ഒരു കിലോമീറ്ററാക്കി ചുരുക്കിയത് എല്‍ഡിഎഫ്'

മലയോര മേഖലയിലെ ജനങ്ങളുടെ ഇടയില്‍ ആശങ്ക ഉടലെടുക്കാന്‍ യഥാര്‍ഥ കാരണക്കാര്‍ കോണ്‍ഗ്രസുകാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി/ ഫയല്‍
പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി/ ഫയല്‍

തിരുവനന്തപുരം: മലയോര മേഖലയിലെ ജനങ്ങളുടെ ഇടയില്‍ ആശങ്ക ഉടലെടുക്കാന്‍ യഥാര്‍ഥ കാരണക്കാര്‍ കോണ്‍ഗ്രസുകാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2011 ഫെബ്രുവരി 9 നാണ്  വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയ്ക്കുചുറ്റും കേന്ദ്ര സര്‍ക്കാരിന്റെ ബഫര്‍ സോണ്‍ പ്രഖ്യാപനം ഉണ്ടായത്.   ജയറാം രമേശ് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ബഫര്‍ സോണ്‍ പ്രഖ്യാപനം നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2002 ലെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സ്ട്രാറ്റജിയുടെ (അന്ന് എന്‍ഡിഎ സര്‍ക്കാര്‍) ചുവടുപിടിച്ചാണ് 10 കിലോമീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തുന്നത് എന്ന് യുപിഎ സര്‍ക്കാര്‍   അന്ന് വ്യക്തമാക്കിയിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ ജയറാം രമേശ് കടുത്ത  നിര്‍ബന്ധബുദ്ധിയാണ് കാണിച്ചത്. സംസ്ഥാന സര്‍ക്കാരുകള്‍ ബഫര്‍ സോണ്‍  മനഃപൂര്‍വ്വം നടപ്പാക്കാതിരിക്കുകയാണെന്ന്  2010 ല്‍ തന്നെ അദ്ദേഹം ആക്ഷേപം ഉന്നയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഉപസമിതി സിറ്റിങ്ങുകള്‍ക്കും മറ്റും ശേഷം കേന്ദ്രം പറഞ്ഞ 10 കിലോമീറ്ററിനും അപ്പുറം 12 കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ വേണമെന്നാണ് പിന്നീട്  യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചത്. നിശ്ചയിച്ച ബഫര്‍ സോണ്‍ മേഖലയില്‍ നിന്നും മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനുള്ള തീരുമാനം അന്ന്  എടുത്തെങ്കിലും അതിനു ആവശ്യമായ രേഖകള്‍ കേന്ദ്രത്തിന് യഥാ സമയം സമര്‍പ്പിച്ചില്ല. കേന്ദ്ര വിദഗ്ദ സമിതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ സമയബന്ധിതമായി യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

2016 ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആളുകളുടെ ജീവിതം, ഉപജീവനം എന്നിവയെ ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്താനാണ് നിലപാടെടുത്തത്. 'പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ ' എന്നതില്‍ നിന്നും ബഫര്‍ സോണ്‍ പരിധി '0 മുതല്‍ 1 കിലോമീറ്റര്‍ വരെ' നിജപ്പെടുത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇതുസംബന്ധിച്ച് 2019 ഒക്ടോബര്‍ 31 ന് മന്ത്രിസഭ തീരുമാനിച്ചു. 

ഈ ഉത്തരവില്‍ ഒരു കി.മീ പ്രദേശം നിര്‍ബന്ധമായും ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയിരിക്കണം എന്ന് പറയുന്നില്ല. പൂജ്യം മുതല്‍ ഒരു കിലോ മീറ്ററില്‍ താഴെ എത്ര വേണമെങ്കിലും ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി നിശ്ചയിക്കാമെന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com