തല്‍ക്കാലം ക്രിമിനല്‍ നടപടികളിലേക്ക് കടക്കുന്നില്ല; തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2022 03:39 PM  |  

Last Updated: 23rd December 2022 03:39 PM  |   A+A-   |  

Kerala govt in high court

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി: തൃശൂരില്‍ കൊടിതോരണം കഴുത്തില്‍ കുടുങ്ങി ഇരുചക്ര വാഹന യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന. അപകടവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. തല്‍ക്കാലം ക്രിമിനല്‍ നടപടികളിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. ഏതെങ്കിലും സാധാരണക്കാരനാണ് കൊടിതോരണം കെട്ടിയതെങ്കില്‍ കേസെടുക്കുമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അപകടം ഉണ്ടായിട്ടുപോലും അവിടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക പോലും ഉണ്ടായില്ലെന്നും കോടതി വിമര്‍ശിച്ചു. 

കോടതിയുടെ വിമര്‍ശനത്തിന് രാഷ്ട്രീയനിറം നല്‍കേണ്ടതില്ല. പാതയോരത്ത് ആരു കൊടിതോരണം കെട്ടിയാലും അത് തെറ്റാണ്. എന്തുകൊണ്ട് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും കോടതി ചോദിച്ചു. റോഡിലെ കൊടിതോരണങ്ങള്‍ മാറ്റണമെന്ന ഉത്തരവ് പാലിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. 

ജനുവരി 12 ന് കോര്‍പ്പറേഷന്‍ സെക്രട്ടറി വീണ്ടും നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കിസാന്‍സഭ സമ്മേളനത്തോട് അനുബന്ധിച്ച് റോഡിലെ ഡിവൈഡറില്‍ കെട്ടിയിരുന്ന തോരണം കഴുത്തില്‍ കുരുങ്ങിയാണ് അഭിഭാഷകയായ കുക്കു ദേവകിക്ക് പരിക്കേറ്റത്. തൃശൂര്‍ അയ്യന്തോളില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജഡ്ജിയും മജിസ്‌ട്രേറ്റും നിയമത്തിന് മുകളിലല്ല, വീഴ്ച വരുത്തിയാല്‍ നടപടി: ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ