നിരക്കിളവ് സമയം വെട്ടിക്കുറച്ചു; കൊച്ചി മെട്രോയിൽ രാത്രിയിൽ പകുതി നിരക്കിൽ യാത്ര ചെയ്യാൻ കഴിയുക 9ന് ശേഷം മാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2022 06:51 AM  |  

Last Updated: 23rd December 2022 06:51 AM  |   A+A-   |  

Kochi Metro service

കൊച്ചി മെട്രോ, ഫയല്‍ ചിത്രം

 

കൊച്ചി:യാത്രക്കാരെ കൂടുതലായി ആകർഷിക്കാനായി തിരക്ക്‌ കുറഞ്ഞ സമയത്ത് അനുവദിച്ച ടിക്കറ്റ് നിരക്കിളവിന്റെ സമയം കൊച്ചി മെട്രോ വെട്ടിക്കുറച്ചു. രാത്രി എട്ടുമുതൽ എന്നത് ഒമ്പതുമുതലാക്കിയാണ് നിരക്കിളവിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയത്.

രാവിലെ ആറുമുതൽ എട്ടുവരെയും രാത്രി എട്ടുമുതൽ 11 വരെയുമാണ്‌ ഇതുവരെ പകുതിനിരക്കിൽ യാത്ര ചെയ്യാമായിരുന്നത്‌. മുന്നറിയിപ്പൊന്നുമില്ലാതെയാണ്‌ വ്യാഴം മുതൽ രാത്രിയിലെ യാത്രാനിരക്കിളവ്‌ ഒമ്പതു മുതലാക്കിയത്‌. രാവിലത്തെ സമയത്തിൽ മാറ്റമില്ല.

രാത്രി എട്ടിനുശേഷം അനുവദിച്ചിരുന്ന 50 ശതമാനം നിരക്കിളവ്‌ കൂടുതൽ യാത്രികരെ മെട്രോയിലേക്ക്‌ ആകർഷിച്ച ആനുകൂല്യമായിരുന്നു. ഇളവുസമയം കുറച്ചത്‌ സ്ഥിരം യാത്രികർപോലും ടിക്കറ്റ്‌ കൗണ്ടറിൽ എത്തിയപ്പോഴാണ്‌ അറിഞ്ഞത്‌. ട്രെയിനിനുള്ളിലെ ഡിസ്‌പ്ലേയിലൂടെയാണ്‌ വിവരമറിഞ്ഞതെന്ന്‌ സീസൺ ടിക്കറ്റും കൊച്ചി വൺ കാർഡും ഉപയോഗിക്കുന്നവർ പറഞ്ഞു.

കൊച്ചി മെട്രോയുടെ ഫെയ്‌സ്‌ബുക് പേജിൽമാത്രമാണ്‌ ഈ വിവരം പരസ്യപ്പെടുത്തിയിരുന്നത്‌. അതിലും രാത്രിസമയം ദീർഘിപ്പിച്ച വിവരം പ്രത്യേകം പറഞ്ഞിട്ടില്ല. രാവിലെ ആറുമുതൽ എട്ടുവരെയും രാത്രി ഒമ്പതുമുതൽ 11 വരെയും 50 ശതമാനം ഇളവ്‌ ലഭിക്കുമെന്നാണ്‌ പറഞ്ഞിട്ടുള്ളത്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പോസ്റ്റുമോര്‍ട്ടത്തിന് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമല്ല: ആരോഗ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ