കൊതുകിനെ തുരത്താനിട്ട പുകയിൽ നിന്ന് കാറ്റടിച്ചു, കാടുവെട്ടുന്ന യന്ത്രത്തിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 23rd December 2022 07:31 AM |
Last Updated: 23rd December 2022 07:31 AM | A+A A- |

മരിച്ച അഭിലാഷ്
തിരുവനന്തപുരം; കൊതുകിനെ തുരത്താനിട്ട പുകയിൽ നിന്ന് കാറ്റടിച്ച് പെട്രോളിൽ വീണതിനെ തുടർന്ന് പൊള്ളലേറ്റ് ആദിവാസി യുവാവ് മരിച്ചു. നന്ദിയോട് ഇളവട്ടം നീർപ്പാറ വീട്ടിൽ അഭിലാഷ്(40) ആണ് മരിച്ചത്. കാടുവെട്ടുന്ന യന്ത്രത്തിൽ പെട്രോൾ ഒഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. കൊതുകിനെ തുരത്താൻ പുക കൂട്ടിയിരുന്നു. അതിനു സമീപം നിന്നാണ് അഭിലാഷ് കാടുവെട്ടുന്ന യന്ത്രത്തിൽ പെട്രോൾ നിറച്ചത്. കാറ്റടിച്ച് പെട്രോളിൽ തീപ്പൊരി വീണതിനെ തുടർന്ന് തീപടർന്നു. രക്ഷപ്പെടാൻ ശ്രമിക്കവേ അഭിലാഷിന്റെ ദേഹത്ത് പെട്രോൾ വീണ് തീപിടിച്ചു. കൂടെയുണ്ടായിരുന്ന മകനോടു സമീപത്തേക്കു വരരുതെന്ന് വിളിച്ചുപറഞ്ഞശേഷം അഭിലാഷ് സമീപത്തെ കുളത്തിലേക്കു ചാടാൻ ശ്രമിച്ചെങ്കിലും കാലിൽ വള്ളി ചുറ്റി സമീപത്ത് തീറ്റപ്പുല്ല് കൂട്ടിയിട്ടിരുന്നയിടത്തേക്കു വീഴുകയായിരുന്നു. ഇതോടെ തീ ആളിപ്പടർന്നു.
ഇവിടെനിന്നുരുണ്ട് കുളത്തിൽ വീണെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പഞ്ചായത്തംഗമെത്തി ആംബുലൻസ് വിളിച്ചെങ്കിലും ഉൾഭാഗത്തെ ആദിവാസി ഊരായതിനാൽ എത്താൻ വൈകി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറി ഡ്രൈവർകൂടിയായ അഭിലാഷ് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചുള്ള ജോലിയും ചെയ്യുമായിരുന്നു. ഉമാ മഹേശ്വരിയാണ് അഭിലാഷിന്റെ ഭാര്യ. അഭിഷേക്, അഭിജിത്, അഖിൽ എന്നിവർ മക്കളാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യം; ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കമ്മിറ്റിയംഗം മർദിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ