പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മകൾ മരിച്ചു; ആശുപത്രിക്കെട്ടിടത്തിനു മുകളിൽ കയറി അമ്മയുടെ ആത്മഹത്യാഭീഷണി

പൊള്ളലേറ്റ് ചികിത്സയ്ക്കെത്തിയ കുഞ്ഞ് ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സപ്പിഴവും മൂലമാണു മരിച്ചത് എന്നാണ് ആരോപണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം; മകളുടെ മരണം സംബന്ധിച്ച പരാതിയിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി അമ്മ. ആശുപത്രിക്കെട്ടിടത്തിനു മുകളിൽ കയറിയായിരുന്നു അമ്മയുടെ ആത്മഹത്യാ ഭീഷണി. പൊള്ളലേറ്റ് ചികിത്സയ്ക്കെത്തിയ കുഞ്ഞ് ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സപ്പിഴവും മൂലമാണു മരിച്ചത് എന്നാണ് ആരോപണം. 

കാഞ്ഞിരപ്പള്ളി പാലമ്പ്ര പയ്യമ്പള്ളി പ്രിൻസ് തോമസിന്റെയും ദിയ മാത്യുവിന്റെയും ഏകമകൾ ഒന്നര വയസ്സുള്ള സെറ മരിയ പ്രിൻസാണ് മരിച്ചത്. സോണി ആശുപത്രിയിൽ വച്ച് സെപ്റ്റംബർ 28നായിരുന്നു മരണം. സെപ്റ്റംബർ 12നു രാവിലെ പാൽപാത്രം മറിഞ്ഞ് തിളച്ച പാൽ ദേഹത്തു വീണാണു കുഞ്ഞിനു പൊള്ളലേറ്റിരുന്നു. ചികിത്സയ്ക്കിടെ 16–ാം ദിവസമായിരുന്നു മരണം. ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സപ്പിഴവും മൂലമാണു കുഞ്ഞു മരിച്ചതെന്ന് ആരോപിച്ച് പ്രിൻസും ദിയയും പൊലീസിൽ പരാതി നൽകിയിരുന്നു. 

ഇത്ര നാളായിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന പരാതിയുമായി ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ ആശുപത്രിക്കെട്ടിടത്തിന്റെ മൂന്നാംനിലയിൽ കയറിയ ദിയ ജീവനൊടുക്കുമെന്നു ഭീഷണിപ്പെടുത്തി. പൊലീസും അഗ്നിരക്ഷാസേനയുമെത്തി അനുനയിപ്പിച്ച് ഇവരെ താഴെയിറക്കി. തുടർന്നും ദിയ ആശുപത്രിക്കു മുന്നിലിരുന്നു കുറെ നേരം പ്രതിഷേധിച്ചു. മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് മെഡിക്കൽ ബോർഡിനു സമർപ്പിച്ചിട്ടുണ്ടെന്നും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം തുടർനടപടികളെന്നും എരുമേലി പൊലീസ് അറിയിച്ചു. അണുബാധ മൂലം ആരോഗ്യനില വഷളായതാണ് കുഞ്ഞിന്റെ മരണകാരണമെന്നും ചികിത്സപ്പിഴവോ അനാസ്ഥയോ സംഭവിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com