'സിപിഎമ്മിന് പ്രായപൂര്‍ത്തിയായി'; റിസോര്‍ട്ട് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2022 09:01 PM  |  

Last Updated: 26th December 2022 09:01 PM  |   A+A-   |  

kanam_rajendran

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍


 

കോട്ടയം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് എതിരെ ഉയര്‍ന്ന റിസോര്‍ട്ട് ആരോപണത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ള, പ്രായപൂര്‍ത്തിയായ പാര്‍ട്ടിയാണ് സിപിഎം എന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് അവര്‍ ചര്‍ച്ച ചെയ്യട്ടേയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

വിവാദങ്ങളോടു പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തയാറായിരുന്നില്ല. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയോട് മാധ്യപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും തണുപ്പ് എങ്ങനെയുണ്ടെന്ന് മറുചോദ്യമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകരോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അടുത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ സ്‌കൂള്‍ കലോത്സവം: മത്സരാര്‍ത്ഥികള്‍ക്ക് സ്‌റ്റേജില്‍ അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ നടപടി; ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ