കള്ളുഷാപ്പ് ഗോഡൗണില്‍ നിന്ന് 250 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; നാലുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th December 2022 08:20 PM  |  

Last Updated: 28th December 2022 08:28 PM  |   A+A-   |  

spirt

അറസ്റ്റിലായ പ്രതികള്‍

 

തൃശൂര്‍: കള്ളുഷാപ്പ് ഗോഡൗണില്‍ നിന്ന് 250 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. വെള്ളാഞ്ചിറയിലെ കള്ള് ഷാപ്പ് ഗോഡൗണില്‍ നിന്നാണ് 250 ലിറ്റര്‍ ഡൈലൂറ്റഡ് സ്പിരിറ്റും 400 ലിറ്ററോളം ഷുഗര്‍ മിക്‌സിങ് വാട്ടറും പൊലീസ് പിടിച്ചെടുത്തത്. ഗോഡൗണ്‍ മാനേജര്‍ അടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് തൃശൂര്‍ റൂറല്‍ ജില്ലയില്‍ പൊലീസ് വ്യാപക റെയ്ഡ് നടത്തിവരികയായിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളാഞ്ചിറ കള്ളുഷാപ്പ് ഗോഡൗണില്‍ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തത്. 

കള്ള് ഷാപ്പ് ഗോഡൗണ്‍ മാനേജരായ കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം പനങ്ങാട് പഴുപറമ്പില്‍ സുധീഷ് (47), സ്പിരിറ്റ് ഗോഡൗണില്‍ എത്തിച്ചു നല്‍കിയ കരുവന്നൂര്‍ പുത്തന്‍തോട് കുട്ടശ്ശേരി വീട്ടില്‍ അനീഷ് (35,) പെരിഞ്ഞനം വടക്കേടത്ത് വീട്ടില്‍ ശ്രീ ദത്ത് (29 ), ചേര്‍പ്പ് ഇഞ്ചമുടി മച്ചിങ്ങല്‍ വീട്ടില്‍ രാകേഷ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ചിന്റെ കീഴിലുള്ള കള്ള് ഷാപ്പുകളിലേക്ക് കള്ള് വിതരണം ചെയ്യുന്ന ഗോഡൗണിലേക്കാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. പ്രതികളുമായി ഇടപാട് നടത്തുന്നവരെ കുറിച്ചും പൊലീസ് ഊര്‍ജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ കൊച്ചിയില്‍ കഞ്ചാവ് മിഠായി വില്‍പ്പന, കച്ചവടം മുറുക്കാന്‍ കടയുടെ മറവില്‍; കൈയോടെ പിടികൂടി പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ