സർക്കാർ ഉദ്യോഗസ്ഥരുടെ കൈക്കൂലി; അന്വേഷണത്തിന് മുൻകൂർ അനുമതി വേണ്ടെന്നു ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്ക് | Published: 29th December 2022 10:00 AM |
Last Updated: 29th December 2022 10:00 AM | A+A A- |

ഹൈക്കോടതി, ഫയല്‍ ചിത്രം
കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക തീരുമാനങ്ങളിൽ അഴിമതി ആരോപിക്കപ്പെടുമ്പോഴേ അന്വേഷണത്തിന് മുൻകൂർ അനുമതി ആവശ്യമുള്ളുവെന്ന് ഹൈക്കോടതി. കൈക്കൂലി ആരോപണം ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ പരിധിയിൽ വരില്ലെന്നും അതിനാൽ മുൻകൂർ അനുമതിയില്ലാതെ അന്വേഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് തനിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
അഴിമതി നിരോധന നിയമത്തിന്റെ 17എ വകുപ്പു പ്രകാരം കൈക്കൂലി ആരോപണം അന്വേഷിക്കുന്നതിനു മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ ബാബു വിധിയിൽ വ്യക്തമാക്കി. ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പ്രതിയുടെ ബന്ധുക്കളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന പേരിൽ അഴിമതി നിരോധന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കടുത്തുരുത്തി മുൻ എസ്.ഐ ടിഎ അബ്ദുൽ സത്താറാണ്റി കോടതിയെ സമീപിച്ചത്.
പാലക്കാട് സ്വദേശിയായ പ്രവാസിക്കെതിരെ കുറുപ്പന്തറ സ്വദേശിനിയായ ഭാര്യ നൽകിയ പരാതിയിലാണ് കടുത്തുരുത്തി പൊലീസ് കേസെടുത്തത്. തുടർന്ന് സ്റ്റേഷനിലെ എഎസ്ഐ അനിൽകുമാർ പ്രവാസിയുടെ പിതാവിൽനിന്ന് 5000 രൂപയും സഹോദരനിൽനിന്ന് 15,000 രൂപയും കൈക്കൂലി വാങ്ങിയതായി പറയുന്നു. പിന്നീട് കേസിൽ പ്രവാസിക്ക് മുൻകൂർ ജാമ്യം ലഭിച്ചു. തുടർന്ന് നേരത്തേ നൽകിയ പണത്തിൽ 15,000 രൂപ അബ്ദുൽ സത്താർ എടുത്തെന്നറിയിച്ച അനിൽകുമാർ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ വിജിലൻസിൽ പരാതി നൽകുകയും 2021 ആഗസ്റ്റ് 12ന് അനിൽകുമാർ അറസ്റ്റിലാകുകയുമായിരുന്നു. കേസിൽ അനിൽകുമാർ ഒന്നാം പ്രതിയും സത്താർ രണ്ടാം പ്രതിയുമാണ്.
പരാതിക്കാരനിൽനിന്നു താൻ കൈക്കൂലി വാങ്ങിയതായി ആരോപണമില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പ്രാഥമിക അന്വേഷണം നടത്തില്ലെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്. ഇതു കോടതി തള്ളി.
ഈ വാർത്ത കൂടി വായിക്കൂ
'ദൈവത്തെ കളിയാക്കരുത്'; മരുന്ന് കുറിപ്പടിയിൽ പരിഹാസ മറുപടി; ഡോക്ടർക്കെതിരെ അന്വേഷണം, മാറ്റിനിർത്തും
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ