ഹോട്ടലില്‍ കയറി മദ്യപിക്കാന്‍ ഗ്ലാസ് ചോദിച്ചു; നല്‍കാതിരുന്ന ജീവനക്കാരനെ മര്‍ദിച്ചു, ഒരാള്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2022 08:30 PM  |  

Last Updated: 01st February 2022 08:30 PM  |   A+A-   |  

chavakkad

അറസ്റ്റിലായ ഷക്കീര്‍ 


ചാവക്കാട്: ഹോട്ടലില്‍ കയറി മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാതിരുന്ന ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എടക്കഴിയൂര്‍ ചങ്ങനാശ്ശേരി വീട്ടില്‍ ഷക്കീറിനെയാണ് (20) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് എടക്കഴിയൂരിലുള്ള സുല്‍ത്താന റസ്റ്ററന്റിലാണ് ആക്രമണമുണ്ടായത്.

തൊഴിലാളിയായ ഉത്തര്‍പ്രദേശ് സ്വദേശി വഹാബ് അഹമ്മദിനെയാണ് ഷക്കീറുള്‍പ്പെട്ട രണ്ടംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. മദ്യപിക്കാന്‍ ഗ്ലാസ് ആവശ്യപ്പെട്ടപ്പോള്‍ മലയാളം മനസിലാവാതെ മുതലാളിയോട് പറയാന്‍ പറഞ്ഞതായിരുന്നു. മര്‍ദനത്തില്‍ വഹാബിന്റെ കണ്ണിനും ചെവിക്കും തോളെല്ലിനും പരിക്കേറ്റിരുന്നു.

സംഭവത്തിന് ശേഷം രണ്ട് പ്രതികളും ഒളിവില്‍ പോയി. രഹസ്യവിവരത്തെത്തുടര്‍ന്ന് ചാവക്കാട് എസ്എച്ച്ഒ കെഎസ് സെല്‍വരാജിന്റെ നേതൃത്തിലുള്ള സംഘം എടക്കഴിയൂര്‍ ഖാദിരിയ്യ ബീച്ചിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് കേസിലെ രണ്ടാം പ്രതിയായ ഷക്കീറിനെ പിടികൂടിയത്.ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.