കണ്ണൂര്‍ വിസി നിയമനം: മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ഇന്ന് ലോകായുക്തയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2022 07:17 AM  |  

Last Updated: 01st February 2022 07:17 AM  |   A+A-   |  

minister bindu

ഡോ. ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹര്‍ജി ഇന്ന് ലോകായുക്ത പരിഗണിക്കും. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയ്ക്ക് പരാതി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് പരാതി നല്‍കിയത്. 

കണ്ണൂര്‍ വിസി നിയമനത്തില്‍ സ്വജനപക്ഷപാതം കാണിച്ച മന്ത്രി ആര്‍ ബിന്ദുവിനെ അയോഗ്യയാക്കണമെന്ന് ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.  കണ്ണൂര്‍ വൈസ് ചാന്‍സിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഗവര്‍ണര്‍ക്ക് കത്തു നല്‍കിയത് ചട്ടലംഘനവും സ്വജപക്ഷപതാവുമെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നു. 

ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഓണ്‍ലൈനായാണ് കേസ് ലോകായുക്ത ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നത്. കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും തമ്മില്‍ നടത്തിയ കത്തിടപാടകളും എല്ലാ രേഖകളും ഹാജരാക്കാന്‍ ലോകായുക്ത സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. 

ഇന്ന് രേഖകള്‍ ഹാജരാക്കിയാല്‍  കേസ് ഫയലില്‍ സ്വീകരിക്കണമോയെന്നതില്‍ വാദം തുടങ്ങും. ലോകായുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ക്കു മുന്നില്‍ നിലനില്‍ക്കുമ്പോഴാണ് മന്ത്രിക്കെതിരായ കേസ് പരിഗണിക്കുന്നത്.