വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2022 07:02 AM  |  

Last Updated: 01st February 2022 07:07 AM  |   A+A-   |  

Vava Suresh bitten by cobra

വാവ സുരേഷ്, ഫയല്‍ ചിത്രം

 

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വാവാ സുരേഷ് ചികിത്സയിലുള്ളത്. 

വാവാ സുരേഷിന്റെ ചികിത്സക്കായി  പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ടും അസിസ്റ്റന്റ് സൂപ്രണ്ടും ചികിത്സയുടെ മേല്‍നോട്ടം വഹിക്കുന്നുണ്ട്. വാവാ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. 

കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവന്ന മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കല്ലുകള്‍ക്ക് ഇടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിനുള്ളില്‍ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേല്‍ക്കുകയായിരുന്നു. സുരേഷിന്റെ വലതുകാലിലാണ് പാമ്പ് കടിച്ചത്.