ശബരിമലയിൽ വിഐപികളുടെ പേരിൽ വ്യാജ ബിൽ, അറ്റകുറ്റപ്പണി ജോലികളിൽ നാല് കോടിയുടെ അഴിമതി; വിജിലൻസ് റിപ്പോർട്ട്, ഹൈക്കോടതി കേസെടുത്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2022 06:44 AM  |  

Last Updated: 02nd February 2022 06:44 AM  |   A+A-   |  

SABARIMALA_1

ഫയല്‍ ചിത്രം

 


കൊച്ചി: ശബരിമല ഗെസ്റ്റ് ഹൗസിൽ താമസിക്കാനെത്തുന്ന വിഐപികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജ ബിൽ ഉണ്ടാക്കിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ കേസെടുത്തു. ശുചിമുറി നിർമാണം സംബന്ധിച്ചു ക്രമക്കേടിനെതിരെയും കേസെടുത്തിട്ടുണ്ട്. അറ്റകുറ്റപ്പണി ജോലികളിൽ നാല് കോടി രൂപയുടെ അഴിമതിയാണ് വിജിലൻസ് കണ്ടെത്തിയത്. ഇതടക്കമുള്ള വിഷയങ്ങളുടെ അടിസ്ഥാനത്തിലാണു കേസ്.

സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടങ്ങിയവരിൽനിന്നു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വിശദീകരണം തേടി. ഗെസ്റ്റ് ഹൗസിൽ താമസിക്കുന്ന ഉന്നത ഉദ്യോഗസ്ഥർക്കും വിശിഷ്ട വ്യക്തികൾക്കും ഭക്ഷണം നൽകിയ വകയിൽ പെരുപ്പിച്ച ബിൽ നൽകുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ശബരിമല സന്ദർശിക്കുന്ന വിശിഷ്ട വ്യക്തികൾ ഭക്ഷണത്തിന്റെ ചെലവ് സ്വയം വഹിക്കണം. എന്നാൽ ശബരിമല സ്പെഷൽ കമ്മിഷണർ ശബരിമലയിൽ ഇല്ലാതിരുന്ന സമയത്തുപോലും അദ്ദേഹത്തിന്റെ ഭക്ഷണ ചെലവ് രേഖപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി ഗെസ്റ്റ് ഹൗസിന്റെ ചെലവ് ഓഡിറ്റ് ചെയ്തിട്ടില്ല. 

വ്യാജ ബില്ലുമായി ബന്ധപ്പെട്ടു വൻതോതിൽ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലൻസ് സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയതിലും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൗജന്യമായി ശുചിമുറികൾ നിർമിക്കാമെന്നു കർണാടക സ്വദേശി അറിയിച്ചെങ്കിലും പരിപാലനച്ചെലവും വഹിക്കണമെന്നു പറഞ്ഞ് അദ്ദേഹത്തെ ദേവസ്വം ഒഴിവാക്കി. താൽക്കാലിക ശുചിമുറികൾ നിർമിച്ചത് ടെൻഡർ ക്ഷണിക്കാതെയാണ്. ഹർജി നാളെ വീണ്ടും പരിഗണിക്കും.