'ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്ക് നല്‍കുക ?'; ഗവര്‍ണറോട് സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2022 01:29 PM  |  

Last Updated: 02nd February 2022 01:29 PM  |   A+A-   |  

governor_pinarayi

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും/ഫയൽ ചിത്രം

 

തിരുവനന്തപുരം: ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്ക് നല്‍കുകയെന്ന് സംസ്ഥാന സർക്കാർ ​ഗവർണറോട് ചോദിച്ചു. ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ മറുപടിയിലാണ് സർക്കാർ ഈ ചോദ്യം ഉന്നയിച്ചത്. ഗവര്‍ണര്‍ നിയമിച്ച മന്ത്രിസഭയുടെ കാലാവധി അവസാനിപ്പിക്കാന്‍ ലോകായുക്തക്ക് കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

1986-ലെ ബാലകൃഷ്ണപിള്ള-കെ സി ചാണ്ടി കേസിലെ ഹൈക്കോടതി വിധി എടുത്തു കാട്ടിയ സർക്കാർ, ഈ വിധി നിലവിലുണ്ടെന്നും വ്യക്തമാക്കി. ഗവര്‍ണര്‍ നിയമിച്ച ഒരു മന്ത്രിക്കെതിരെ റിട്ട് ഓഫ് ക്വോ വാറന്റോ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കോടതിക്ക് ഇല്ലാത്ത എന്ത് അധികാരമാണ് ലോകയുക്തക്ക് നല്‍കേണ്ടതെന്നും സര്‍ക്കാര്‍ ചോദിക്കുന്നു.

ഒരു പൊതുപ്രവര്‍ത്തകന്റെ സ്ഥാനം  റിട്ട് ഓഫ് ക്വോ വാറന്റോ പുറപ്പെടുവിച്ച് ഒഴിയാന്‍ ആവശ്യപ്പെടുന്നതിന് ഹൈക്കോടതിക്ക് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഖണ്ഡിക്കുന്നതിനാണ് 1986-ലെ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ വിധി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ലോകയുക്ത നിയമം നിലവില്‍ വന്നിട്ട് ഇത്രകാലമായിട്ടും എന്തുകൊണ്ടാണ് ഇത് ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാരിന് തോന്നാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് നിവേദനത്തിൽ ചോദിച്ചിരുന്നു. ഇപ്പോള്‍ അതില്‍ മാറ്റം വരുത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തിനാണെന്നും ആരോപിച്ചിരുന്നു. അതിന് മറുപടിയായി ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിന്റെ നിയമപരമായ സാധുത ഇതുവരെ ജൂഡീഷ്യല്‍ അവലോകനത്തിന് വിധേയമായിട്ടില്ല. അതിന് കാലയളവ് ഒരു തടസ്സമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. സർക്കാരിന്റെ വിശദീകരണത്തെ തുടർന്ന് ഓർഡിനൻസിൽ ​ഗവർണറുടെ തുടർനടപടി രാഷ്ട്രീയകേരളം ഉറ്റുനോക്കുകയാണ്.