'ലോഡ്ജില്‍ മുറിയെടുത്ത് ആസൂത്രണം, കൊലപാതകത്തിന് കാരണം യുവമോര്‍ച്ച നേതാവിന്റെ പക'; സന്ദീപ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2022 09:48 PM  |  

Last Updated: 02nd February 2022 09:48 PM  |   A+A-   |  

sandeep

കൊല്ലപ്പെട്ട പി ബി സന്ദീപ് കുമാര്‍


തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായിരുന്ന പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ  കൊലപാതകമെന്ന് കുറ്റപത്രം. തിരുവല്ല കോടതിയില്‍ പൊലീസ് ബുധനാഴ്ച കുറ്റപത്രംം സമര്‍പ്പിച്ചു. യുവമോര്‍ച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജിഷ്ണുവിന് സന്ദീപിനോടുള്ള രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിന് രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ ജിഷ്ണു കുറ്റൂരില്‍ ലോഡ്ജില്‍  മുറിയെടുത്ത് താമസിപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. 732 പേജുകളുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ആകെ ആറു പ്രതികള്‍ കേസിലുണ്ട്. പ്രതികളുടെ കുറ്റസമ്മത മൊഴി അടക്കം 75 രേഖകളാണ് കുറ്റപത്രത്തിനൊപ്പമുള്ളത്. ആകെ 79 സാക്ഷികള്‍.

2021 ഡിസംബര്‍ 2ന് രാത്രി എട്ടിനായിരുന്നു കൊലപാതകം. ബൈക്കില്‍ സഞ്ചരിച്ച സന്ദീപിനെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ബൈക്ക് തള്ളിയിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൊലപാതകം നടന്ന് രണ്ടു മാസത്തിനകം തന്നെ  കുറ്റപ്പത്രം നല്‍കാനും  പൊലിസിന്  സാധിച്ചു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.