അര്‍ധരാത്രി ചായ കുടിക്കാന്‍ 22 കിലോമീറ്റര്‍ യാത്ര, സ്‌റ്റേഷനിലെത്തിച്ച് യുവാക്കള്‍ക്ക് 'ചായ സത്കാരം'; അവര്‍ നല്ല കുട്ടികളെന്ന് പൊലീസ് 

രാത്രികാലങ്ങളില്‍ പട്രോളിങ് നടത്തുമ്പോള്‍ അപരിചിതരെ കാണുമ്പോള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും വാഹനങ്ങള്‍ പരിശോധിക്കുന്നതും പൊലീസിന്റെ ഡ്യൂട്ടിയാണെന്ന് എസ്‌ഐ പറഞ്ഞു
യുവാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ചായ നല്‍കുന്ന ദൃശ്യം
യുവാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ചായ നല്‍കുന്ന ദൃശ്യം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ അര്‍ധരാത്രി ചായ കുടിക്കാനിറങ്ങിയ യുവാക്കളെ സ്റ്റേഷനിലെത്തിച്ച് ചായ നല്‍കിയ സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നതിനിടെ, പ്രതികരണവുമായി എസ്‌ഐ. ചായ കുടിക്കാന്‍ വേണ്ടി 22 കിലോമീറ്റര്‍ ദൂരം വന്നതാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം വിശ്വാസ്യത തോന്നിയില്ലെന്നും അത് ഉറപ്പുവരുത്താനാണ് യുവാക്കളെ സ്റ്റേഷനില്‍ കൊണ്ടുപോയതെന്നും എസ്‌ഐ സി കെ നൗഷാദ് പറഞ്ഞു. 

യുവാക്കളെ സ്റ്റേഷനിലെത്തിച്ച് ചായ നല്‍കിയ സംഭവത്തില്‍ രാത്രി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടെന്നും പൊലീസിന്റേത് മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നുമാണ് ഫെയ്സ്ബുക്കിലെ കമന്റുകള്‍. എവിടെ പോയി ചായ കുടിക്കണമെന്നത് ഓരോരുത്തരുടെയും തീരുമാനമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സംഭവം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി പൊലീസ് രംഗത്തുവന്നത്. 

രാത്രികാലങ്ങളില്‍ പട്രോളിങ് നടത്തുമ്പോള്‍ അപരിചിതരെ കാണുമ്പോള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും വാഹനങ്ങള്‍ പരിശോധിക്കുന്നതും പൊലീസിന്റെ ഡ്യൂട്ടിയാണെന്ന് എസ്‌ഐ പറഞ്ഞു. അത്തരത്തിലാണ് ആ കുട്ടികളെയും കണ്ടത്. 'ഇത്രയും ദൂരം ചായകുടിക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞകാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ വേണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവര്‍ നല്ലകുട്ടികളാണെന്നും കുഴപ്പമൊന്നുമില്ലെന്നും കണ്ടപ്പോള്‍ ഞങ്ങള്‍ ചായ അവരുമായി ഷെയര്‍ ചെയ്തെന്നേയുള്ളൂ. അതില്‍ വേറെയൊന്നുമില്ല. അവരെക്കൊണ്ട് ചായ ഉണ്ടാക്കിയിട്ടില്ല. നമ്മളെല്ലാം ചേര്‍ന്നാണ് ഉണ്ടാക്കിയത്. അവര്‍ക്ക് ഇഷ്മുള്ള മധുരം അവര്‍ ഇട്ടെന്നേയുള്ളൂ'- എസ്‌ഐ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com