കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചു; ‘‘ചേച്ചി ക്ഷമിക്കണം’’ കുടുംബസമേതം തിരിച്ചെത്തി മോഷ്ടാവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2022 07:23 AM  |  

Last Updated: 02nd February 2022 07:23 AM  |   A+A-   |  

Robbery

പ്രതീകാത്മക ചിത്രം

 

കൊച്ചി: സ്വർണമാല പൊട്ടിച്ചു കടന്ന മോഷ്ടാവ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം എത്തി മാല തിരികെ നൽകി. മൂവാറ്റുപുഴ രണ്ടാർ പുനത്തിൽ മാധവി മാല മോഷ്ടിച്ച വിഷ്ണുപ്രസാദ് (29) ആണ് ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കൂട്ടി എത്തിയത്. കുടുംബത്തോടൊപ്പം എത്തി മാപ്പപേക്ഷിച്ചതോടെ തിരിച്ചുപോകാൻ 500 രൂപ വണ്ടിക്കൂലി വീട്ടമ്മ തന്നെ നൽകി. 

ജനുവരി 29നു വൈകിട്ട് അഞ്ച് മണിയോടെയാണ് രണ്ടാർകരയിൽ വീടിനോടു ചേർന്നു പലചരക്കു കട നടത്തുകയായിരുന്ന മാധവിയുടെ കടയിൽ  സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വിഷ്ണുപ്രസാദ് എത്തിയത്. മാധവിയുടെ കണ്ണിൽ മുളകുപൊടി വിതറി കഴുത്തിൽ കിടന്നിരുന്ന ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് വിഷ്ണുപ്രസാദ് കടന്നു. തടയാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ താഴെവീണു. ഫോണിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ തിരക്കി വീട്ടിൽ എത്തിയപ്പോൾ ഫോണിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാവ് കുടുംബവുമായി തമിഴ്നാട്ടിലേക്കു കടന്നിരുന്നു. 

‘‘കുഞ്ഞുങ്ങൾക്കു മരുന്നു വാങ്ങാൻ മറ്റൊരു മാർഗവും കാണാത്തതിനാലാണ് ചേട്ടൻ ഇങ്ങനെയൊരു കടുംകൈ ചെയ്തത്. ചേച്ചി ക്ഷമിക്കണം’’ എന്നു പറഞ്ഞു ഭർത്താവ് മോഷ്ടിച്ച മാല തിരികെ നൽകിയത് ഭാര്യയായിരുന്നു. എന്നാൽ പൊലീസിനെ അറിയിക്കാതിരിക്കാൻ കഴിയില്ലെന്നു ബന്ധുക്കളും സമീപവാസികളും അറിയിച്ചു. തു‌ടർന്ന് വിഷ്ണുപ്രസാദിന്റെ ഭാര്യയെയും കുട്ടികളെയും സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ അവർ തന്നെ വാഹനം ഏർപ്പാടാക്കി. പൊലീസ് എത്തി വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.