ചാവക്കാട്ട് ലഹരി മരുന്നു വേട്ട, എംഡിഎംഎയും കഞ്ചാവും പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

ചാവക്കാട്ട് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി കോട്ടയം സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍
ചാവക്കാട് ലഹരിവസ്തുക്കളുമായി പിടിയിലായവര്‍
ചാവക്കാട് ലഹരിവസ്തുക്കളുമായി പിടിയിലായവര്‍

തൃശൂര്‍: ചാവക്കാട് നഗരത്തില്‍ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ  മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റു ചെയ്തു. കോട്ടയം അതിരമ്പുഴ സ്വദേശികളായ മാനാടിയില്‍ ഷിനാജ്(42), ആനിക്കലോടിയില്‍ രാജീവ്(47) എന്നിവരാണ് മയക്കുമരുന്ന് കാറില്‍ കടത്തുന്നതിനിടെ പിടിയിലായത്. 150 ഗ്രാം എം.ഡി.എം.എ.യും ഒന്നര കിലോ കഞ്ചാവും ഇവരില്‍നിന്ന് പിടിച്ചെടുത്തു. 

പിടിച്ചെടുത്ത എം.ഡി.എം.എ.യ്ക്കു 10 ലക്ഷം രൂപയും കഞ്ചാവിന് 30,000 രൂപയും വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് ഗുരുവായൂര്‍ എ.സി.പി. കെ.ജി.സുരേഷ് പറഞ്ഞു. 

ബംഗളൂരുവില്‍നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. ഇവര്‍ ചാവക്കാട്ടെ ഇടനിലക്കാരനു മയക്കുമരുന്ന് വില്‍ക്കാന്‍ നഗരത്തില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് പിടിയിലായതെന്ന് എ.സി.പി. പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന്  കാറില്‍ വരുന്ന വഴി പൊന്നാനിയിലും ഇവര്‍ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പ്രതികളില്‍നിന്ന് പൊലീസിന് ലഭിച്ച വിവരം. 

ലഹരിക്കെതിരേ തൃശ്ശൂര്‍ റേഞ്ച് കേന്ദ്രീകരിച്ച് നടത്തുന്ന പൊലീസിന്റെ ''െ്രെഡവ് എഗെയ്‌നസ്റ്റ് ഡ്രഗ്'' മിഷന്റെ ഭാഗമായി ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ ചാവക്കാട് എസ്.എച്ച്.ഒ. കെ.എസ്. സെല്‍വരാജിന്റെ മേല്‍നോട്ടത്തില്‍ ടൗണില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. സബ് ഡിവിഷണല്‍ നൈറ്റ് ഓഫീസര്‍ എസ്.ഐ. കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലായിരുന്നു  വാഹനപരിശോധന. കാറില്‍ ചാവക്കാട്ടെ ഇടനിലക്കാരനെ കാത്തുനില്‍ക്കുമ്പോഴാണ് പ്രതികള്‍ വലയിലായത്. മയക്കുമരുന്ന് ആര്‍ക്കു കൈമാറാനാണ് ചാവക്കാട്ട് ഇവര്‍ കാത്തുനിന്നതെന്ന അന്വേഷണവും നടക്കുന്നുണ്ടെന്ന് എ.സി.പി. പറഞ്ഞു.  

രഹസ്യവിവരത്തെ തുടര്‍ന്ന് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി.  എ. അക്ബറിന്റെ നിര്‍ദേശപ്രകാരമാണ് വാഹനപരിശോധനയും അറസ്റ്റും നടന്നത്. സി.പി.ഒ. മാരായ രഞ്ജിത്ത് ലാല്‍, അനസ്, അനു വിജയന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ആറ് മാസത്തിനിടെ ചാവക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാലു കേസുകളിലായി 255 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചെടുത്തത്. െ്രെഡവ് എഗെയ്ന്‍സ്റ്റ് ഡ്രഗ് മിഷന്റെ ഭാഗമായി 27 കേസുകളും സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തതായി എ.സി.പി. കെ.ജി. സുരേഷ്  അറിയിച്ചു. പിടിയിലായ പ്രതികള്‍ മുമ്പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുന്നതായും എ.സി.പി. പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com