രാത്രി ഒൻപതിന് കട്ടപ്പനയിൽ നിന്ന് ബസിൽ കയറിയ 11കാരൻ, കോട്ടയത്തേക്ക് പോകുകയാണെന്ന് കണ്ടക്ടറോട്; സംശയം രക്ഷയായി

By സമകാലിക മലയാളം ഡെസ്ക്  |   Published: 03rd February 2022 08:55 AM  |  

Last Updated: 03rd February 2022 09:08 AM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

 

ഇടുക്കി; വീട്ടുകാരുമായി പിണങ്ങി വീടുവിട്ട് ഇറങ്ങിയ 11കാരനെ കെഎസ്ആർടിസി ജീവനക്കാരുടെ ഇടപെടലിനെ തുടർന്ന് സുരക്ഷിതമായി തിരിച്ചെത്തിച്ചു. രാത്രിയിൽ ഒറ്റയ്ക്ക് ബസിൽ കയറിയ ബാലനെ കണ്ട് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടർ എസ്.ഷാജി, ഡ്രൈവർ കെ.എം.ജയമോൻ എന്നിവരുടെ സമയോചിത ഇടപെടലാണ് രക്ഷയായത്. 

കോട്ടയത്തേക്ക് പോവുകയാണെന്ന് കുട്ടി

കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. നെടുങ്കണ്ടം – തിരുവനന്തപുരം ബസ് രാത്രി ഒൻപതിനു കട്ടപ്പനയിൽ എത്തിയപ്പോൾ ഒരു കുട്ടി ബസിൽ കയറി. ബസ് കോട്ടയം വഴിയാണോ എന്നു ചോദിച്ച കുട്ടിയെ കണ്ടക്ടർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് അന്വേഷിച്ചപ്പോൾ വീട് നെടുങ്കണ്ടത്താണെന്നും കോട്ടയത്തിനു പോകുകയാണെന്നും പറഞ്ഞു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കണ്ടക്ടറും ഡ്രൈവറും പ്ലാമൂടിനു സമീപം ബസ് നിർത്തി പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു.

മിനിറ്റുകൾക്കുളളിൽ കണ്ടക്ടറുടെ നമ്പരിലേയ്ക്ക് കട്ടപ്പന പോലീസ് സ്റ്റേഷനിൽ നിന്നു വിളിയെത്തി. “ഞങ്ങളിതാ വരുന്നു, ഒരു ഫോട്ടോ അയയ്ക്കുന്നുണ്ട്, ബസിലുളളത് ഈ കുഞ്ഞു തന്നെയാണോ എന്ന് പരിശോധിച്ച്, സുരക്ഷിതനായി നിർത്തൂ, നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കുട്ടിയെ കാണാതായിട്ടുണ്ട്” എന്നാണ് പൊലീസ് പറഞ്ഞത്. ഫോട്ടോ കുട്ടിയുടേതെന്ന് ഉറപ്പിച്ചതോടെ പൊലീസ് എത്തി കുട്ടിയെ കൂട്ടുകയായിരുന്നു. 

മൊബൈൽ ഉപയോ​ഗിച്ചതിനും വഴക്കുപറഞ്ഞു

മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിനു വീട്ടുകാർ വഴക്കു പറഞ്ഞതിനെ തുടർന്നാണ് പതിനൊന്നുവയസ്സുകാരൻ വീടുവിട്ട് ഇറങ്ങിയത്. വീട്ടിനടുത്തുള്ള വഴിയിൽനിന്ന് ബൈക്കിലും കാറിലും ലിഫ്റ്റ് ചോദിച്ച് കയറിയും കുറച്ചുദൂരം നടന്നും ലോക്കൽ ബസിലുമായാണ് ഈ ആറാംക്ലാസുകാരൻ കട്ടപ്പനയിലെത്തിയത്. അവിടെനിന്ന് കെഎസ്ആർടിസി ബസിൽ കയറുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചതിനു പിന്നാലെയാണ് കണ്ടക്ടർ കുട്ടിയുടെ കാര്യം കൺട്രോൾ റൂമിൽ അറിയിക്കുന്നത്. രാത്രിതന്നെ കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മാതാപിതാക്കളോടൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.