'ആ കേസ് തോല്‍ക്കുമെന്ന് അവര്‍ക്കറിയാം, അപ്പോള്‍ പുതിയ കേസെടുത്തു'
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2022 04:41 PM |
Last Updated: 03rd February 2022 04:41 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് പൊലീസ് തനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് ദിലീപ് ഹൈക്കോടതിയില്‍. ഏതു വിധേനയും തന്നെ ജയിലില്‍ അടയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതെന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെ ദിലീപ് അറിയിച്ചു. ഹര്‍ജിയില്‍ ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെ്ഞ്ച് നാളെയും വാദം കേള്‍ക്കും.
വീട്ടിലിരുന്നു കുടുംബാംഗങ്ങളോടു പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാവുകയെന്ന് വാദത്തിനിടെ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ചോദിച്ചു. തന്റെ വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് രാമന്‍പിള്ള ചോദിച്ചു.
ദിലീപിന്റെ വാക്കുകള്‍ കേട്ട് അവിടെ ഇരുന്ന ആരെങ്കിലും പ്രതികരിച്ചോ? എന്തു ധാരണയിലാണ് അവര്‍ എത്തിയത്? ഇതൊന്നുമില്ല. പിന്നെങ്ങനെയാണ് ഗൂഢാലോചനയാവുക? അന്വേഷണ ഉദ്യോഗസ്ഥനെ ഏതെങ്കിലും ട്രക്ക് ഇടിച്ചുവീഴ്ത്തിയാലും തന്റെ ഒന്നര കോടി പോവുമല്ലോ എന്നു ദിലീപ് പറഞ്ഞതായാണ് പരാതിയിലുള്ളത്. എന്തു സംഭവിച്ചാലും അതു തന്റെ തലയില്‍ വരുമെന്നു മാത്രമാണ് ദീലീപ് ഉദ്ദേശിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു.
കേസിലെ പ്രധാന തെളിവായ, സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്നു പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ പൊലീസിനു മുന്നില്‍ ഹാജരാക്കിയിട്ടില്ല. ഇതില്‍ ഇതിനകം എഡിറ്റിങ് വരുത്തിയിട്ടുണ്ടാവാം. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്കു മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിനു കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണ്. സംഭാഷണങ്ങളില്‍ നല്ലൊരു പങ്കും മുറിച്ചുമാറ്റിയാണ് പൊലീസിനു കൈമാറിയിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് ഇതു നിലനില്‍ക്കില്ലെന്ന് ബി രാമന്‍ പിള്ള വാദിച്ചു.
പഴയ കേസുമായി ബന്ധപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തിലും പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പുതിയ എഫ്‌ഐആറില്‍ പറയുന്ന കുറ്റം വ്യത്യസ്തമാണ്. അതുകൊണ്ടു പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തെറ്റുണ്ടെന്നു കരുതാനാവില്ലെന്ന് കോടതി പറഞ്ഞു.
മൊഴിയിലും എഫ്‌ഐആറിലും വൈരുദ്ധ്യങ്ങളുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ദിലീപ് രണ്ടു പേരുടെ പേരു പറഞ്ഞ് അവര്‍ അനുഭവിക്കും എന്നു പറഞ്ഞതായാണ് ആദ്യ മൊഴി. പിന്നീട് ഇതില്‍ മൂന്നു പേരുകള്‍ ചേര്‍ക്കുകയാണ് ചെയ്തത്. കുറച്ചു പേര്‍ ചേര്‍ന്നു കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണിത്. നടിയെ ആക്രമിച്ച കേസില്‍ അവരുടെ തെളിവുകളെല്ലാം തകര്‍ന്നുപോയിരിക്കുന്നു. അപ്പോള്‍ മറ്റൊരു കേസില്‍ ദിലീപിനെ കുടുക്കാനുള്ള ശ്രമമാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ ഗൂഢാലോചന കേസ് ലോക്കല്‍ പൊലീസ് ആണ് അനേഷിക്കുക. ആലുവ പൊലീസ് അന്വേഷിക്കേണ്ട ഈ കേസ് എങ്ങനെ ക്രൈംബ്രാഞ്ചിന്റെ പക്കല്‍ എത്തിയെന്ന ദിലീപ് ചോദിച്ചു.
രണ്ടു മണിക്കൂറിലേറെയാണ് പ്രതിഭാഗത്തിന്റെ വാദം നീണ്ട.് തുടര്‍ന്നും ഇന്നു തന്നെ വാദം കേള്‍ക്കുന്നോ അതോ നാളേക്കു മാറ്റണോയെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജി ആരാഞ്ഞു. ഇക്കാര്യത്തില്‍ പ്രോസിക്യൂഷനു തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഈ കേസ് അനാവശ്യമായി നീണ്ടുപോവുകയാണെന്ന വിമര്‍ശനം ഉയരുന്നുണ്ടെന്നും കോടതി പറഞ്ഞു. കേസ് നാളെ 1.45ന് വീണ്ടും പരിഗണിക്കും.