ജോലികഴിഞ്ഞ് വന്ന് മകൾക്കൊപ്പം പഠിച്ചു, 54ാം വയസിൽ മുരു​ഗയ്യർക്ക് മെഡിക്കൽ പ്രവേശനം, ഒപ്പം മകൾക്കും

By സമകാലിക മലയാളം ഡെസ്ക്  |   Published: 03rd February 2022 07:28 AM  |  

Last Updated: 03rd February 2022 07:28 AM  |   A+A-   |  

murugayyar_and_daughter_mbbs_admission

മുരു​ഗയ്യരും മകൾ ശീതളും

 

കൊച്ചി; ഒരു ഡോക്ടർ ആവണം എന്നായിരുന്നു ചെറുപ്പത്തിലെ മുരു​ഗയ്യരുടെ ആ​ഗ്രഹം. എന്നാൽ വീട്ടുകാർക്ക് താൽപ്പര്യം എൻജിനീയറിങ് ആയിരുന്നു. അങ്ങനെ തന്റെ ആ​ഗ്രഹങ്ങളെ കുഴിച്ചുമൂടിക്കൊണ്ട് അദ്ദേഹം വീട്ടുകാരുടെ വഴിയെ നടന്ന്. എന്നാൽ പതിറ്റാണ്ടുകൾക്ക് ശേഷം തന്റെ ആ​ഗ്രഹം പ്രാവർത്തികമാക്കിയിരിക്കുകയാണ് മുരു​ഗയ്യർ. മകൾക്കൊപ്പം പരീക്ഷയെഴുതി അഡ്മിഷൻ നേടിയിരിക്കുകയാണ് അദ്ദേഹം. 

മകൾക്കൊപ്പം പഠിച്ച് പരീക്ഷയെഴുതി

ബിപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ മുരു​ഗയ്യർ ആണ് തന്റെ 54ാം വയസിൽ മെഡിസിന് അഡ്മിഷൻ നേടിയത്. 18കാരിയായ മകൾ ആർഎം ശീതളിനൊപ്പമാണ് അദ്ദേഹം നീറ്റ് പരീക്ഷ എഴുതിയത്. മകൾക്കും അഡ്മിഷൻ ലഭിച്ചു. മുരുഗയ്യൻ ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളജിലും മകൾ ശീതൾ പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളജിലുമാണു അലോട്മെന്റിൽ പ്രവേശനം നേടിയത്. 

സുപ്രീംകോടതി വിധി ആ​ഗ്രഹത്തിന് ചിറകുനൽകി

റിഫൈനറിയിലെ ജോലി കഴിഞ്ഞു വന്ന ശേഷമാണ് മകളോടൊപ്പം മുരുഗയ്യൻ നീറ്റ് പരീക്ഷയ്ക്കു പഠിച്ചത്. ഭാര്യ മാലതി പൂർണ പിന്തുണ നൽകി. തഞ്ചാവൂർ സ്വദേശിയായ മുരുഗയ്യൻ 31 വർഷമായി കേരളത്തിലുണ്ട്. പഠനത്തിന്റെ കാര്യത്തിൽ ഇന്നും മുരു​ഗയ്യർ മുൻപന്തിയിലാണ്. ഇതിനോടകം എൻജിനീയറിങ്ങിനൊപ്പം നിയമം, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദങ്ങളും നേടിയിട്ടുണ്ട്. ഉയർന്ന പ്രായപരിധി നിബന്ധനയില്ലാതെ ആർക്കും നീറ്റ് പരീക്ഷയെഴുതാം എന്ന സുപ്രീം കോടതി വിധി വന്നതോടെ മുരുഗയ്യന്റെ ആഗ്രഹത്തിന് വീണ്ടും ചിറകുമുളക്കുകയായിരുന്നു. അടുത്ത അലോട്മെന്റ് കൂടി നോക്കിയ ശേഷമേ ഏതു കോളജിൽ ചേരണമെന്നു തീരുമാനിക്കൂ.