ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയായി വർധിപ്പിക്കാൻ നീക്കം, സമ്മാനങ്ങളും കൂടും

നിലവിൽ 40 രൂപയുള്ള ടിക്കറ്റിന്റെ വില 50 ആയി ഉയർത്താനാണ് സാധ്യത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; കേരള സംസ്ഥാന പ്രതിവാര ലോട്ടറി ടിക്കറ്റിന്റെ വില വർധിപ്പിക്കാൻ നീക്കം. നിലവിൽ 40 രൂപയുള്ള ടിക്കറ്റിന്റെ വില 50 ആയി ഉയർത്താനാണ് സാധ്യത. ഇതോടെ സമ്മാനഘടനയിലും മാറ്റം വരും. ഇപ്പോൾ ഒരുകോടി ടിക്കറ്റ് വിൽക്കുമ്പോൾ മൂന്നുലക്ഷം സമ്മാനങ്ങളാണ് നൽകുന്നത്. ടിക്കറ്റ് വില 10 രൂപ വർധിക്കുന്നതോടെ അതിന്റെ എണ്ണം കൂട്ടും.

ലോട്ടറി വിൽപനക്കാരന്റെ വരുമാനം ഉയരും

എന്നാൽ കോവിഡ് സാഹചര്യത്തിൻ വിലവർധന കുറച്ച്‌ വൈകിമതി എന്ന അഭിപ്രായവുമുണ്ട്. വിലവർധന വിൽപ്പനയെ ബാധിക്കുമെന്നാണ് ഒരു വിഭാ​ഗം ലോട്ടറി തൊഴിലാളികൾ പറയുന്നത്. എന്നാൽ വിലവർധനവ് തൊഴിലാളികളുടെ വരുമാനം കൂട്ടുമെന്നാണ് വകുപ്പ് പറയുന്നത്. 40 രൂപയുടെ ടിക്കറ്റ് വിൽക്കുമ്പോൾ വിൽപ്പനക്കാരന് 7.50 രൂപ ലഭിക്കുന്നത്. ടിക്കറ്റ് വില 50 ആകുന്നതോടെ കമ്മിഷൻ 8.64 രൂപയാകും. 100 ടിക്കറ്റ് വിൽക്കുമ്പോൾ 124 രൂപ അധികം വിൽപ്പനക്കാരന് ലഭിക്കും.

സർക്കാരിനും ബംബർ ലാഭം

സംസ്ഥാനത്ത് പ്രതിവർഷം ആറു ബംബർ ലോട്ടറികളുണ്ട്‌. ടിക്കറ്റ് വില 300 രൂപയായിട്ടും മുഴുവൻ വിറ്റുപോകുന്ന ബംബർ വഴിയാണ് വകുപ്പിന് ഏറെ ലാഭം ലഭിക്കുന്നത്. ഓണം ബംബറിൽ മാത്രം 39 കോടി രൂപയായിരുന്നു വകുപ്പിന്റെ ലാഭം. വിൽപ്പനവഴി ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം സമ്മാനമായി നൽകുന്നുണ്ട്. പ്രതിവാര ലോട്ടറിയിൽനിന്ന് ലാഭം മൂന്നരശതമാനമേ ഉള്ളൂ. 2017 മുതൽ 2021 വരെ ലോട്ടറിയിൽനിന്നുമാത്രം സർക്കാരിന് ലഭിച്ച ലാഭം 5603 കോടി രൂപയാണ്. 2017 മുതൽ 2020വരെ ശരാശരി 1700 കോടി വീതം ലാഭമുണ്ടായി. 2020-21-ൽ കോവിഡ് കാരണം ലാഭം 472 കോടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com