ദിലീപിന് ഇന്ന് നിര്‍ണായകം; വധ ഗൂഢാലോചനക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും ഹൈക്കോടതിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2022 07:05 AM  |  

Last Updated: 03rd February 2022 07:05 AM  |   A+A-   |  

Today is crucial for Dileep; An anticipatory bail petition in the murder conspiracy case is again in the high court

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ നടന്‍ ദിലീപിന് ഇന്ന് നിര്‍ണായകം. ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പുറപ്പെടുവിച്ചേക്കും. 

ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാകും പ്രതിഭാഗം വാദിക്കുക. 

കേസിനെ വഴി തിരിച്ചുവിടാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അറിയിക്കും. അതുകൊണ്ടുതന്നെ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. 

ഫോണുകൾ പരിശോധിക്കുന്നതിലും ഇന്ന് തീരുമാനം

അതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും.  ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തർക്കം മൂത്തതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ആലുവ കോടതിയിൽവെച്ച് ഫോൺ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. 

പ്രതികൾ കൈമാറിയ ഫോണിന്‍റെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിക്കുകയായിരുന്നു. തർക്കം തുടർന്നതോടെയാണ് തീരുമാനമെടുക്കുന്നത് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റിയത്.ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയ്ക്ക് കൈമാറിയ ആറു ഫോണുകളും തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്.