കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളില്‍ മാറ്റം?; കോവിഡ് അവലോകനയോഗം ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2022 06:35 AM  |  

Last Updated: 04th February 2022 06:37 AM  |   A+A-   |  

police checking

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ അവലോകനയോഗം ഇന്ന് ചേരും. രാവിലെ 11 മണിയ്ക്കാണ് യോ​ഗം. രോഗവ്യാപനത്തില്‍ കുറവ് വരുന്ന സാഹചര്യത്തില്‍ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്.

വ്യാപനം കുറഞ്ഞ തിരുവനന്തപുരം അടക്കമുള്ള ജില്ലകളെ കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ നിന്ന് മാറ്റിയേക്കുമെന്നാണ് സൂചന. നിലവിൽ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം കോട്ടയം ജില്ലകളാണ്  സി കാറ്റഗറിയിലുള്ളത്.  മൂന്നാം തരംഗത്തിൽ ആദ്യമായി ആക്റ്റീവ് രോഗികളുടെ എണ്ണം ഇന്നലെ  കുറഞ്ഞിരുന്നു.

ഞായറാഴ്ചകളിലെ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാൻ കഴിഞ്ഞ അവലോകന യോഗം തീരുമാനിച്ചിരുന്നു. അതിൽ മാറ്റം വരുത്തിയേക്കില്ല.  ജില്ലകളെ കാറ്റഗറികളായി തിരിച്ചുള്ള നിയന്ത്രണം തുടർന്നേക്കും. ആൾക്കൂട്ടത്തിന്റെ കാര്യത്തിലും പൊതുപരിപാടികളുടെ നിയന്ത്രണവും ഒരാഴ്ച്ച കൂടി തുടർന്നേക്കും. 

കേരളത്തിലും മിസോറാമിലും കോവിഡ് പൊസിറ്റിവിറ്റി നിരക്ക്  കൂടുന്നതിൽ കേന്ദ്ര സർക്കാർ ആശങ്ക അറിയിച്ചിരുന്നു. കേരളത്തിലെ ടിപിആർ മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്രം പറയുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കർശനമാക്കാനാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശിക്കുന്നത്.