വിദേശത്തു നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ ഒഴിവാക്കുന്നു, സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍
By സമകാലിക മലയാളം ഡെസ്ക് | Published: 04th February 2022 01:04 PM |
Last Updated: 04th February 2022 02:08 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശത്തു നിന്ന് എത്തുന്നവരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കു മാത്രമായി ക്വാറന്റൈന്‍ പരിമിതപ്പെടുത്തും. ലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം വിമാനത്താവളത്തില്‍ പരിശോധിച്ചാല്‍ മതിയെന്നും യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം കുറയുന്നെന്നു വിലയിരുത്തി നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ യോഗം തീരുമാനിച്ചു.
കോവിഡ് മൂന്നാം തരംഗം ശക്തമായതിനെത്തുടര്‍ന്നു നിര്‍ത്തിവച്ച കോളജ് ക്ലാസുകള്‍ ഏഴിനു പുനരാരംഭിക്കും. സ്‌കൂളുകള്‍ 14ന് തുറക്കാനും യോഗം നിര്‍ദേശിച്ചു. നിലവില്‍ 10, 11, 12 ക്ലാസുകള്‍ മാത്രമാണ് സ്‌കുളുകളില്‍ നടക്കുന്നത്.
ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും. എന്നാല്‍ ആരാധനയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇരുപതു പേരെയാണ് അനുവദിക്കുക. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താന്‍ നിര്‍ദേശിക്കും. ക്ഷേത്ര പരിസരത്ത് ഇരുന്നൂറു പേരെ മാത്രമേ അനുവദിക്കൂ.
കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. എ കാറ്റഗറിയില്‍ മലപ്പുറം കോഴിക്കോട് ജില്ലകള്‍. കാസര്‍ക്കോട് ഒഴികെയുള്ള മറ്റു ജില്ലകള്‍ ബി കാറ്റഗറിയിലാണ്.