വീട്ടിലെ വിശേഷദിവസങ്ങളില്‍ പൊലീസുകാര്‍ക്ക് ഇനി അവധി

മേലുദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരോട് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി മനുഷ്യത്വത്തോടെ പെരുമാറണമെന്നും നിര്‍ദ്ദേശമുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍: പൊലീസ് ഉദ്യോഗസ്ഥര്‍ അമിത ജോലിഭാരത്തെത്തുടര്‍ന്ന് നേരിടുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നടപടിയുമായി പൊലീസ് വകുപ്പ്. പൊലീസുകാര്‍ക്ക് വീട്ടിലെ വിശേഷദിവസങ്ങളില്‍ ഇനി അവധി അനുവദിക്കും. 
മേലുദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരോട് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി മനുഷ്യത്വത്തോടെ പെരുമാറണമെന്നും നിര്‍ദ്ദേശമുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായര്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. 

കണ്ണൂര്‍ റേഞ്ചിന് കീഴില്‍ വരുന്ന നാലു ജില്ലകളിലാണ് ഇത് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. ഇക്കാര്യം വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഡിഐജി റേഞ്ചിന് കീഴിലുള്ള എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും കൈമാറി. പൊലീസുകാരുടെ വ്യക്തിപരമായ വിശേഷദിനങ്ങളില്‍ അവധി നല്‍കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മടികാണിക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വിശേഷദിവസങ്ങളുടെ രജിസ്റ്റർ സൂക്ഷിക്കണം

പൊലീസുദ്യോഗസ്ഥരുടെ ജന്മദിനം, കുട്ടികളുടെ ജന്മദിനം, ഭർത്താവ് / ഭാര്യയുടെ ജന്മദിനം, വിവാഹവാർഷികം എന്നീ ദിവസങ്ങളിൽ അവധി ആവശ്യപ്പെടുമ്പോൾ ഒഴിച്ചുകൂടാനാകാത്ത സംഭവങ്ങളില്ലെങ്കിൽ അവധി ഉറപ്പായും അനുവദിക്കണമെന്നാണ് നിർദേശം. പൊലീസുകാർക്കു വീട്ടിലെ വിശേഷദിവസങ്ങളിൽ അവധി ഉറപ്പാക്കാൻ ആ ദിവസങ്ങൾ ഏതൊക്കെ എന്നതിന്റെ റജിസ്റ്റർ സ്റ്റേഷനിൽ സൂക്ഷിക്കണം.  

പൊലീസ് ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെ ഇത്രയും വിശേഷ ദിനങ്ങൾ പ്രത്യേക ഫോമിൽ പൂരിപ്പിച്ച് സ്റ്റേഷൻ ചുമതലയുള്ള ഓഫിസർക്കു കൈമാറണം. സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ ഈ റജിസ്റ്റർ ഡിവൈഎസ്പി സൂക്ഷിക്കണം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇതു നടപ്പാക്കിയെന്ന് ഉറപ്പുവരുത്താൻ എസ്പിയും ഡിവൈഎസ്പിയും പരിശോധിക്കുകയും വേണം. ചോദിക്കാതെ തന്നെ ഇത്തരം ദിവസങ്ങളിൽ ബന്ധപ്പെട്ട വ്യക്തിക്ക് അവധി നൽകാൻ മേലുദ്യോഗസ്ഥൻ സന്നദ്ധനാകണം.

മികച്ച സേവനത്തിന് ഉടൻ അഭിനന്ദിക്കണം

കൂടാതെ മയക്കുമരുന്ന്, മോഷണം, ഗുണ്ടാ ആക്രമണം തുടങ്ങിയ കേസുകളിലെ പ്രതികളെ അറസ്റ്റു ചെയ്യൽ, അപകടത്തിൽപ്പെട്ടവരുടെ ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കൽ തുടങ്ങി മികച്ച സേവനംനടത്തുന്ന ഉദ്യോഗസ്ഥരെ ഉടൻ തന്നെ രേഖാമൂലം അഭിനന്ദിക്കണം. ഇവർക്ക് ഉചിതമായ പ്രതിഫലം നൽകണമെന്നും നിർദ്ദേശമുണ്ട്. പൊലീസുകാർക്കോ ബന്ധുക്കൾക്കോ വൈദ്യസഹായം വേണമെങ്കിൽ മേലുദ്യോഗസ്ഥർ വേണ്ട സഹായങ്ങൾ ഉടൻ ചെയ്യേണ്ടതാണ്. 

സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കാൻ പദ്ധതി

അർഹിക്കുന്ന പരിഗണന ലഭിക്കേണ്ട ഇത്തരം സഹായ അഭ്യർഥനകൾ പൊലീസ് ആസ്ഥാനത്തും ജില്ലാ പൊലീസ് ആസ്ഥാനത്തെ വെൽഫെയർ ബ്യൂറോകൾക്കും ലഭ്യമാക്കി താമസം കൂടാതെ സഹായം വാങ്ങി നൽകണം. പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വർധിപ്പിക്കണമെങ്കിൽ അവരുടെ മാനസിക നില കൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിനു മേലുദ്യോഗസ്ഥർ പിന്തുണ നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തിൽ കണ്ണൂർ രേഞ്ചിൽ നടപ്പാക്കുന്ന പദ്ധതി തുടർന്ന് സംസ്ഥാനത്താകെ നടപ്പാക്കാനാണ് ആലോചിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com