കൂടുതൽ തെളിവുകളുമായി പ്രോസിക്യൂഷൻ, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം; തുടരന്വേഷണത്തിൽ ദിലീപിന്റെ എതിർപ്പും ഹൈക്കോടതിയിൽ 

ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഒന്നാം പ്രതി നടന്‍ ദിലീപ് അടക്കമുള്ള 6 പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും ഹൈക്കോടതി വാദം കേള്‍ക്കും. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുക. കേസില്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകളും ഹാജരാക്കാന്‍ സാധ്യതയുണ്ട്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡി അനിവാര്യമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത്. 

'കുടുംബാംഗങ്ങളോടു പറയുന്നത് എങ്ങനെ ഗൂഢാലോചനയാകും'

കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്‍റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ ആരോപിച്ചിരുന്നു. ഏതു വിധേനയും തന്നെ ജയിലില്‍ അടയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതെന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെ ദിലീപ് അറിയിച്ചു. വീട്ടിലിരുന്നു കുടുംബാംഗങ്ങളോടു പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാവുകയെന്ന് വാദത്തിനിടെ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ചോദിച്ചു. തന്റെ വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് രാമന്‍പിള്ള ചോദിച്ചു. 

ഭാര്യയും അമ്മയും ഉള്ളപ്പോള്‍ വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടു എന്നത് വസ്തുതാ വിരുദ്ധം. ഇതിന് പിന്നില്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ്. ബാലചന്ദ്രകുമാറിന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേഷന്‍ പരിധിയില്‍ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും ദിലീപ് ചോദിച്ചു.

തുടരന്വേഷണം റദ്ദാക്കണം

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുടരന്വേഷണം നടക്കുന്നതെന്ന് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

തുടന്വേഷണത്തിന് ഒരു മാസം അനുവദിച്ചത് നീതികരിക്കാനാവില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസമാണ് വിചാരണക്കോടതി ഒരു മാസത്തെ സമയം അനുവദിച്ചത്. ആറു മാസത്തെ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിയാണ് കോടതി ഒരു മാസം അനുവദിച്ചത്. എന്നാല്‍ ഇതും ചോദ്യം ചെയ്താണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ശബ്ദപരിശോധന നടത്തണം

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളുടെ ശബ്ദപരിശോധന നടത്തണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് പരി​ഗണിച്ചേക്കും. സംവിധായകൻ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലെ ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. 

ഗണേഷ് കുമാറിന്റെ മുൻ സെക്രട്ടറി ഭീഷണിപ്പെടുത്തിയ കേസ്

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ സമർപ്പിച്ച ഹർജി ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരി​ഗണിക്കും. മൊഴി മാറ്റാൻ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ മുൻ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ചാണ് വിപിൻ ലാൽ കോടതിയെ സമീപിച്ചത്. അന്വേഷണ പുരോഗതി സംബന്ധിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയത്.ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് ശേഷം അന്വേഷണം ഒന്നും നടന്നിട്ടില്ലെന്നാരോപിച്ച് വിപിൻ ലാലിന്റ അഭിഭാഷകൻ രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com