ഇവർ അഞ്ചുമല്ല, വാപ്പയുടെ സുഹൃത്തെവിടെ? കടം വീട്ടാൻ കാത്തിരിക്കുകയാണ് നാസർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2022 10:38 AM  |  

Last Updated: 04th February 2022 10:38 AM  |   A+A-   |  

fathers_friend

നാസർ/വിഡിയോ സ്ക്രീൻഷോട്ട്

 

കൊല്ലം: പ്രവാസ കാലത്തെ കഷ്ടപാടിൽ പിതാവിന് തുണയായി എത്തിയ സുഹൃത്തിനെ കണ്ടെത്താൻ മകൻ നൽകിയ പത്രപ്പരസ്യം കണ്ട് എത്തിയത് അഞ്ച് പേർ. പക്ഷെ ഈ അഞ്ച് പേരിലും യഥാർത്ഥ സുഹൃത്തിനെ കണ്ടെത്താൻ ‌കഴിഞ്ഞില്ല. കൊല്ലം സ്വദേശികളായ അഞ്ച് പേരുടെയും പഴയ ചിത്രങ്ങൾ പരിശോധിച്ചെങ്കിലും അതിലൊന്നും സുഹൃത്തിനെ ഉറപ്പിക്കാനായില്ല. 

കഴി‍ഞ്ഞ മാസമാണ് പിതാവ് അബ്ദുള്ളയുടെ പഴയ സുഹ‍ൃത്തിനെ തേടി‌ തിരുവനന്തപുരം പെരുമാതുറ സ്വദേശിയായ മകൻ നാസർ പത്രപ്പരസ്യം നൽകിയത്. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അഞ്ചുപേരെത്തി. എല്ലാവരുടെയും ഫോട്ടോ വാട്സാപ്പിൽ വാങ്ങി ഇരുവരുടെയും പൊതുസുഹൃത്തായ അബ്ദുൾ റഷീദിനെ കാണിക്കുകയായിരുന്നു. എന്നാൽ, ഈ അഞ്ചുപേരുമല്ല തങ്ങൾ തേടുന്ന വ്യക്തിയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ലൂയിസ് എന്ന പേര് മാറി ലൂഷ്യസ് എന്നാണോ സുഹൃത്തിന്റെ പേരെന്നും സംശയമായതോടെ ആശയക്കുഴപ്പമേറി.

അബ്ദുള്ളയും ലൂയിസും ബേബിയും ഭാർഗവനും ഒന്നിച്ച് ഇന്ത്യയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് ആ കമ്പനി ഇവിടം വിട്ടതോടെ ലൂയിസും ബേബിയും ഗൾഫിൽ പോയി. പിന്നാലെ അബ്ദുള്ളയും. 1978ലാണ് അബ്ദുള്ള ഗൾഫിലെത്തുന്നത്. ഒരു ഓയിൽ കമ്പനിയിൽ ജോലിക്ക് കയറിയ അബ്ദുള്ള ജോലിനഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന കാലത്താണ് സുഹൃത്ത് 1000ദിർഹം നൽകി സഹായിച്ചത്. അവിടേനിന്ന് വഴിപിരിഞ്ഞ സൂഹൃത്തു പിന്നെ തമ്മിൽ കണ്ടുമുട്ടിയിട്ടില്ല. 

കഴിഞ്ഞ മാസം 23ന് 83-ാം വയസ്സിൽ അബ്ദുള്ള മരിച്ചതിന് പിന്നാലെയാണ് വാപ്പയുടെ സുഹൃത്തിനെ കണ്ടെത്താനായി മകൻ നാസർ പരസ്യം നൽകിയത്.  രണ്ട് വർഷങ്ങൾക്ക് മുൻപ് സുഹൃത്തിനെപ്പറ്റിയും തിരികെ നൽകാനുള്ള പണത്തെപ്പറ്റിയും നാസറിനോട് അബ്ദുള്ള സൂചിപ്പിച്ചിരുന്നു.