മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ലോകായുക്ത ഇന്ന് വിധി പുറപ്പെടുവിച്ചേക്കും; മുഖ്യമന്ത്രിക്കെതിരായ ഹര്‍ജിയും പരിഗണിക്കും 

ബിന്ദുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ലോകായുക്തയ്ക്ക് ഹര്‍ജി നല്‍കിയത്
പിണറായി വിജയൻ, ആർ ബിന്ദു/ ഫയൽ
പിണറായി വിജയൻ, ആർ ബിന്ദു/ ഫയൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനുമെതിരായ ഹര്‍ജികള്‍ ലോകായുക്ത ഇന്ന് പരിഗണിക്കും. കണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു സ്വജനപക്ഷപാതം കാണിച്ചെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത ഇന്ന് വിധി പ്രസ്താവിച്ചേക്കും. 

ബിന്ദുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ലോകായുക്തയ്ക്ക് ഹര്‍ജി നല്‍കിയത്. വിസിയെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു ഗവര്‍ണര്‍ക്ക് കത്തുകള്‍ നല്‍കിയത് അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണെന്ന് ചെന്നിത്തല ആരോപിക്കുന്നു.

രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോകായുക്തയെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുന്‍കൈയെടുത്തതുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന് പുനനിയമനം നല്‍കിയതെന്ന് ഇന്നലെ രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കി. ഇത് ചെന്നിത്തലയുടെ അഭിഭാഷകന്‍ ഇന്ന് ലോകായുക്തയില്‍ നല്‍കും.

മുഖ്യമന്ത്രിക്കെതിരായ ഹർജിയും പരി​ഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ചട്ടം മറികടന്നു വേണ്ടപ്പെട്ടവർക്ക് പണം നൽകിയെന്ന ഹർജിയാണ് പിണറായി വിജയനെതിരെയുള്ളത്. ഈ ഹർജിയും ലോകായുക്ത ഇന്ന് പരി​ഗണിക്കും. ദുരിതം അനുഭവിക്കുന്നവർക്കു നൽകാനുള്ള പണം സർക്കാരിനു വേണ്ടപ്പെട്ടവർക്കു ചട്ടം മറികടന്നു നൽകിയെന്നാണു ഹർജിയിലെ ആരോപണം. ഈ ഹർജിയിൽ മുഖ്യമന്ത്രിക്ക് പുറമെ കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങളും എതിർകക്ഷികളാണ്. 

അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്‌പ അടക്കാനും സ്വർണ്ണ പണയ വായ്‌പ എടുക്കാനും 8.5 ലക്ഷം നൽകി,  കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞു മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് ആനുകൂല്യങ്ങൾക്കു പുറമേ ദുരിതാശ്വാസ നിധിയിൽനിന്ന് 20 ലക്ഷം രൂപ നൽകിയത് എന്നിവയാണ് ചോദ്യം ചെയ്തിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com