വീട്ടമ്മമാരുടെ വായ്പ തിരിച്ചടവ് തുക ബാങ്കിലടക്കാതെ വഞ്ചിച്ചു; വനിതാ സംഘത്തില്‍ 3 ലക്ഷം രൂപ തട്ടിയതായി പരാതി

വനിതാ ​ഗ്രൂപ്പുകളിലെ ഭാരവാഹികളുടെ തിരിമറിയെ തുടർന്ന് കടബാധ്യതയിലായെന്ന പരാതിയുമായാണ് വീട്ടമ്മമാർ രം​ഗത്തെത്തിയിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മാന്നാർ: സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത വനിതാ ഗ്രൂപ്പുകളിലെ അംഗങ്ങൾ തിരിച്ചടവിനായി നൽകിയ തുക ബാങ്കിലടച്ചില്ലെന്ന പരാതിയുമായി വീട്ടമ്മമാർ. വനിതാ ​ഗ്രൂപ്പുകളിലെ ഭാരവാഹികളുടെ തിരിമറിയെ തുടർന്ന് കടബാധ്യതയിലായെന്ന പരാതിയുമായാണ് വീട്ടമ്മമാർ രം​ഗത്തെത്തിയിരിക്കുന്നത്.  

മാന്നാർ കുട്ടമ്പേരൂർ 1654-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്നും പത്ത് പേർ വീതമുള്ള രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിലെ നവപ്രഭ, ദിവ്യജ്യോതി ഗ്രൂപ്പുകളിലെ അംഗങ്ങളാണ് പരാതിയുമായി എത്തിയത്. ഭാരവാഹികളായ  സ്മിത, രമ, ഓമന, സൂര്യ എന്നിവർക്കെതിരെയാണ് പരാതി. 

ബാങ്കിൽ അടയ്ക്കാനായി നൽകിയ പണത്തിൽ മൂന്നു ലക്ഷം രൂപയോളം തിരിമറി നടത്തിയതായാണ് പരാതി. വീട്ടമ്മമാരായ ശോഭ തങ്കമണി, ഷൈനി, അജിത, വാസന്തി, ഓമന എന്നിവരാണ് പരാതിയുമായി എത്തിയത്. ബാങ്കിൽ തുക അടക്കാതിരുന്നതിനെ തുടർന്ന് ഗ്രൂപ്പ് അംഗങ്ങൾക്ക് ബാങ്ക് നോട്ടിസ് അയച്ചതോടെയാണ് തിരിമറി  പുറത്തു വരുന്നത്. 

അമ്പതിനായിരം രൂപ വായ്പയെടുത്തതിൽ നാൽപതിനായിരത്തോളം രൂപ തിരിച്ചടച്ച് കഴിഞ്ഞു. എന്നാൽ 35000 രൂപ ഇനിയും അടക്കണമെന്ന ബാങ്ക് നോട്ടീസ് വന്നു. ഇതോടെ അംഗങ്ങൾ ബാങ്കിനെ സമീപിച്ചപ്പോഴാണ് തിരിമറിയുടെ വിവരം അറിയുന്നത്. ഇതോടെ തിരിമറി നടത്തിയ ഭാരവാഹികൾക്കെതിരെ ഗ്രൂപ്പ് അംഗങ്ങൾ  മാന്നാർ പോലിസിൽ പരാതി നൽകി. 

കുടിശ്ശിക തുക അടക്കാമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകിയെങ്കിലും പാലിച്ചില്ല. പിന്നീട് ചെങ്ങന്നൂർ ഡിവൈഎസ്പിക്കും പരാതി നൽകി. തൊഴിലുറപ്പു ജോലിയും  വീട്ടു ജോലി ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കുന്ന തങ്ങളെ വഞ്ചിച്ചവർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും ഇനി ആർക്കും ഈ ഗതി വരരുതെന്നും വീട്ടമ്മമാർ കണ്ണീരോടെ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com