യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ കേസെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2022 09:46 PM  |  

Last Updated: 05th February 2022 09:46 PM  |   A+A-   |  

balachandrakumar1

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ജോലി വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ കേസെടുത്തു. കൊച്ചി എളമക്കര പൊലീസാണ് കേസെടുത്തത്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്ര കുമാറിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിൽ വിളിച്ചു വരുത്തി പിഡീപ്പിച്ചതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഒരു ഗാന രചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചു എന്നും പരാതിയിൽ വ്യക്തമാക്കുന്നു. പത്ത് വർഷം മുമ്പാണ് സംഭവം നടന്നത്. കണ്ണൂർ സ്വദേശിനിയായ 40 കാരിയാണ് പരാതിയുമായി രംഗത്തു വന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നയാളാണ് ബാലചന്ദ്രകുമാർ. 

2011 ൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ പരിചയപ്പെട്ട സുഹൃത്ത് നൽകിയ ഫോൺ നമ്പറിന്റെ അടിസ്ഥാനത്തിലാണ് ജോലി തേടി ബാലചന്ദ്രകുമാറിനെ വിളിച്ചത്. ജോലി നൽകാമെന്നും സിനിമയിൽ അവസരം നൽകാമെന്നും വാഗ്ദാനം നൽകി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയിൽ പറയുന്നു. 

പീഡിപ്പിച്ച വിവരം പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ, പീഡന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്‌തെന്നും, പരാതി നൽകിയാൽ വീഡിയോ പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഒരാൾ ചാനലുകളിലെത്തി നടിയുടെ നീതിക്ക് വേണ്ടി സംസാരിക്കുന്നത് കണ്ടപ്പോഴാണ് പരാതി നൽകാൻ തോന്നിയതെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.