കൊച്ചി നഗരത്തില്‍ കൊലപാതക ശ്രമം; 'ഓട്ടോ റാണി'യും മകനും അറസ്റ്റില്‍

രണ്ടാഴ്ചമുമ്പ് കൊച്ചിയില്‍ നടന്ന കൊലപാതക ശ്രമക്കേസില്‍ അമ്മയും മകനും അറസ്റ്റില്‍
അറസ്റ്റിലായ സാവിയോ ബാബു, സോളി ബാബു
അറസ്റ്റിലായ സാവിയോ ബാബു, സോളി ബാബു

കൊച്ചി: രണ്ടാഴ്ചമുമ്പ് കൊച്ചിയില്‍ നടന്ന കൊലപാതക ശ്രമക്കേസില്‍ അമ്മയും മകനും അറസ്റ്റില്‍. ആലുവ കോമ്പാറ സാക്ഷരത റോഡ് ചാലപാടം ബാബു കരിമുട്ടം ഹൗസില്‍ സാവിയോ ബാബു (22), അമ്മ ഓട്ടോ റാണി എന്ന് വിളിക്കുന്ന സോളി ബാബു (42) എന്നിവരാണ് അറസ്റ്റിലായത്. സാവിയോ എംസിഎ വിദ്യാര്‍ഥിയാണ്.

എറണാകുളം ജോസ് ജങ്ഷന് സമീപം ചെരുപ്പുകുത്തി ജീവിക്കുന്ന ജോയിയേയാണ് സോളിയുടെ നിര്‍ദേശപ്രകാരം ഇക്കഴിഞ്ഞ 24-ന് സാവിയോ വെട്ടി പരിക്കേല്‍പ്പിച്ചത്. ബേസ് ബോള്‍ ബാറ്റ് കൊണ്ട് ജോയിയെ അടിച്ചുവീഴ്ത്തി തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നു.

സൗത്ത് ഗേള്‍സ് ഹൈസ്‌കൂളിന് സമീപം ഓട്ടോറിക്ഷ ഓടിച്ചിരുന്ന സോളി, നാലുമാസം മുമ്പ് ജോയിയുമായി വഴക്കുണ്ടാക്കിയിരുന്നു. ജോയിയുടെ അടികൊണ്ട് സോളിയുടെ കൈയൊടിഞ്ഞു. കേസില്‍ ജോയിയേയും കൂട്ടുപ്രതി പല്ലന്‍ ബാബുവിനെയും റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ജോയി സൗത്തില്‍ ചെരിപ്പ് കുത്തി ജീവിക്കുകയായിരുന്നു. ഇതിനിടെ സോളി മറൈന്‍ ഡ്രൈവ് ഭാഗത്തേക്ക് മാറി.

ഇവിടെ ഒരു കവര്‍ച്ചക്കേസില്‍ സോളി ജയിലിലായതിനു പിറകില്‍ ജോയി ആണെന്നാണ് സോളി വിശ്വസിച്ചിരുന്നത്. ജോയിയുടെ കൈയും കാലും തല്ലിയൊടിക്കുന്നതിന് മദ്യവും പണവും നല്‍കി സോളി ക്വട്ടേഷന്‍ നല്‍കിയെങ്കിലും നടന്നില്ല. തുടര്‍ന്നാണ് മകനെ കൂട്ടി ആക്രമണം ആസൂത്രണം ചെയ്തത്.

ഒരു ബൈക്കില്‍ വന്ന ആളാണ് കൃത്യം നടത്തിയതെന്ന് മനസ്സിലായി. എന്നാല്‍, ബൈക്കിന്റെ നമ്പര്‍ വ്യാജമായിരുന്നു. എന്നാല്‍, പ്രതിയുടെ പിറകില്‍ കിടന്നിരുന്ന ബാഗില്‍ ബേസ് ബോള്‍ ബാറ്റ് ഉയര്‍ന്നു നില്‍ക്കുന്നത് കണ്ടു. ബേസ് ബോള്‍ ബാറ്റ് കേന്ദ്രീകരിച്ച് സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.

ഇത്തരത്തിലാണ് ബൈക്ക് സാവിയോയുടെ ആലുവയിലുള്ള വീട്ടില്‍നിന്ന് വന്നതാണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com