'റവന്യു വകുപ്പിലെ പരാതികള്‍ വേഗത്തില്‍ പരിഹരിക്കും'; വില്ലേജുതല ജനകീയ സമിതികള്‍ വരുന്നു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 06th February 2022 01:06 PM  |  

Last Updated: 06th February 2022 01:06 PM  |   A+A-   |  

k_rajan

റവന്യു മന്ത്രി കെ രാജന്‍


തിരുവനന്തപുരം: സംസ്ഥാനത്ത് വില്ലേജുതല ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ വേഗത്തില്‍ പരിഗണിക്കണിക്കുകയെന്നതാണ് ലക്ഷ്യം. മാര്‍ച്ച് മാസത്തോടെ സമിതികള്‍ നിലവില്‍ വരുമെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ കാലതാമസം വരുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.എല്ലാ വില്ലേജുകളിലും ജനകീയ സമിതികള്‍ നിലവില്‍ വരുന്നതോടെ പരാതികള്‍ക്ക് വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകുമെന്നാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തല്‍. ജില്ലാ വികസന സമിതിയുടേയും താലൂക്ക് വികസന സമിതിയുടേയും മാതൃകയിലായിരിക്കും പ്രവര്‍ത്തനമെന്ന് റവന്യു മന്ത്രി പറഞ്ഞു.

എല്ലാ മാസവും സമിതി യോഗം ചേരണമെന്നാണ് നിര്‍ദേശം. ഈ യോഗത്തില്‍ പരാതികള്‍ പരിഗണിക്കും. ഇതിനു വേണ്ട നിര്‍ദേശങ്ങള്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ റവന്യൂ ഓഫീസുകളും ഡിജിറ്റലാക്കുമെന്നും മന്ത്രി അറിയിച്ചു.