ബിസിനസുകാരനെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി; ന​ഗ്നചിത്രങ്ങളും വീഡിയോയും പകർത്തി ഭീഷണി; 38 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2022 07:25 AM  |  

Last Updated: 06th February 2022 07:25 AM  |   A+A-   |  

lady arrested in honey trap case

പ്രതീകാത്മക ചിത്രം

 

കൊച്ചി: ബിസിനസുകാരനെ കെണിയില്‍പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപം പാലച്ചുവട് എംഐആര്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന ഷിജിമോളാണ് അറസ്റ്റിലായത്. വരാപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയാണ് ഷിജി. 

സുഹൃത്തു വഴിയാണ് മലപ്പുറം സ്വദേശിയായ വ്യവസായി ഷിജിയെ പരിചയപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഷിജിയുടെ ഫ്‌ലാറ്റിലെത്തിയ ബിസിനസുകാരനെ ശീതളപാനീയത്തില്‍ ലഹരി ചേര്‍ത്തു മയക്കിക്കിടത്തി നഗ്‌ന ചിത്രങ്ങളും വിഡിയോകളും എടുത്തു കെണിയില്‍പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവ സമൂഹ മാധ്യമങ്ങളില്‍ ഇടുമെന്നു ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു. വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ഷിജി തട്ടി. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണി തുടര്‍ന്നപ്പോഴാണ് ബിസിനസുകാരന്‍ പൊലീസിനെ സമീപിച്ചത്.

6 വര്‍ഷം മുന്‍പു സുഹൃത്തിനൊപ്പം എറണാകുളത്തു എത്തിയപ്പോഴാണ് സുഹൃത്തിന്റെ പരിചയക്കാരിയെന്ന നിലയില്‍ ബിസിനസുകാരന്‍ ഷിജിയുടെ ഫ്‌ലാറ്റില്‍ പോയത്. പിന്നീടു ഷിജി ഇടയ്ക്കിടെ ബിസിനസുകാരനെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഫോണിലൂടെ ക്ഷണിച്ചതനുസരിച്ചാണു കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്‌ലാറ്റിലെത്തിയത്. ഇവിടെ നിന്നു മടങ്ങി രണ്ടു ദിവസത്തിനു ശേഷമാണ് ഷിജി ബിസിനസുകാരനെ വിളിച്ചു തന്റെ കൈവശം നഗ്‌നദൃശ്യങ്ങളടങ്ങിയ വിഡിയോ ഉണ്ടെന്ന് അറിയിച്ചത്.