വിവാഹക്കാര്യം വീട്ടുകാരുമായി ആലോചിക്കാന്‍ പറഞ്ഞു; യുവതിയെ മര്‍ദിച്ച് യുവാവ്, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 06th February 2022 02:42 PM  |  

Last Updated: 06th February 2022 02:42 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊല്ലം: 'വിവാഹ കാര്യം വീട്ടുകാരുമായി ആലോചിച്ച് മാത്രമേ പറയാന്‍കഴിയൂ' എന്ന മറുപടി നല്‍കിയതില്‍ പ്രകോപിതനായ യുവാവ് യുവതിയെ മര്‍ദിക്കുകയും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കയറി അതിക്രമം കാണിക്കുകയും ചെയ്തു. പൊലീസെത്തി അറസ്റ്റ് ചെയ്ത യുവാവിനെ റിമാന്‍ഡ് ചെയ്തു.

കാഞ്ഞാവെളി മണലിക്കട കടകത്ത് കിഴക്കതില്‍ ജോബി സേവ്യറിനെയാണ് (30) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയോടെ മുരിങ്ങമൂട്ടിലെ ടൂ വീലര്‍ ഷോറൂമിലാണ് സംഭവം. ജോബി യുവതിയോട് വിവാഹ അഭ്യര്‍ഥന നടത്തിയപ്പോള്‍ വിവാഹക്കാര്യം വീട്ടുകാരുമായി ആലോചിക്കാനാണ് മറുപടി നല്‍കിയത്. യുവാവിനൊപ്പം കാറില്‍ വന്ന യുവതി ഷോറൂമിനു മുന്നില്‍ വച്ചാണ് വിവാഹ കാര്യത്തില്‍ മറുപടി നല്‍കിയത്.

മറുപടിയില്‍ പ്രകോപിതനായ ജോബി കാറില്‍ വച്ച് മര്‍ദിച്ചതോടെ യുവതി കാറില്‍ നിന്ന് ഇറങ്ങിയോടി ജോലി ചെയ്യുന്ന ഷോറൂമില്‍ അഭയം തേടുകയായിരുന്നു. പിന്നാലെ എത്തിയ ജോബി ഷോറൂമിനുള്ളില്‍ വച്ചും യുവതിയെ മര്‍ദിക്കുകയും ഷോറൂമിലെ സാധനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ അഞ്ചാലുംമൂട് പൊലീസ് ജോബിയെ സംഭവ സ്ഥലത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.