സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണി; 32കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2022 01:43 PM  |  

Last Updated: 06th February 2022 01:44 PM  |   A+A-   |  

Man rapes minor

പ്രതീകാത്മക ചിത്രം

 

മലപ്പുറം: സ്‌കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ബലാത്സംഘം ചെയ്ത യുവാവ് അറസ്റ്റില്‍. പോക്‌സോ ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയാണ് പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫലിനെ അറസ്റ്റ് ചെയ്തത്. യുവാവ് ലഹരിക്കടിമയാണെന്നും പൊലീസ് പറഞ്ഞു. 

ഒന്നര വര്‍ഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂള്‍ കലോത്സവ ദിവസം മുഖം കഴുകാനെത്തിയ പെണ്‍കുട്ടിയെ കുളിപ്പുരയില്‍ ഒളിഞ്ഞിരുന്ന പ്രതി ബലാത്കാരമായി പിടിച്ചുവെച്ച് ബലാത്സംഘം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.  ഇതിനിടെ പ്രതിയില്‍ നിന്നും കുതറിമാറിയ പെണ്‍കുട്ടി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. 

മാനസികമായി തകര്‍ന്ന കുട്ടിക്ക് അടുത്തിടെ പ്രതി മൊബൈല്‍ ദൃശ്യങ്ങള്‍ അയച്ചു നല്‍കി. ഇതോടെ ഉറക്കം നഷ്ടമായ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരക്കടവ് നിന്നാണ് പ്രതിയെ പിടികൂടിയത്. 

നേരത്തെ യാത്രക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ക്ക് ഇത്തരത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊന്നാനി സി ഐ വിനോദ് വലിയാറ്റൂര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.